കനത്ത മഴയിൽ മരം വീണ് വൈദ്യുതി മുടങ്ങി
1298453
Tuesday, May 30, 2023 12:44 AM IST
നെന്മാറ : ഇന്നലെ വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം പൊട്ടി വൈദ്യുതി ലൈനിൽ വീണു. ഉച്ചയ്ക്കുശേഷം നാലുമണിയോടെയാണ് കരിന്പാറ, പെരുമാങ്കോട് റോഡ് അരികിലുള്ള വൈദ്യുതി ലൈനിലേക്ക് വേപ്പ് മരം പൊട്ടി വീണത്. കേബിൾ ടിവി ഇന്റർനെറ്റ് കേബിളുകളും പൊട്ടിവീണു.
സമീപത്ത് കാഡ കനാലിൽ കോണ്ക്രീറ്റ് പണികൾ ചെയ്തിരുന്ന തൊഴിലാളികൾ മഴ നനയാതിരിക്കാൻ മരച്ചുവട്ടിൽ നില്ക്കുകയായിരുന്നു. കൊന്പുകൾ ഒടിയുന്ന ശബ്ദം കേട്ട് തൊഴിലാളികൾ മാറിയതിനാൽ അത്യാഹിതം ഒഴിവായി. കെഎസ്ഇബി അധികൃതരെ വിവരമറിയിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ച് അപകടം ഒഴിവാക്കുകയും പിന്നീട് പൊട്ടിയ വൈദ്യുതി ലൈൻ മാറ്റി സ്ഥാപിച്ച് മുടങ്ങിയ വാഹന ഗതാഗതവും വൈകിട്ട് ആറുമണിയോടെ വൈദ്യുതിയും പുനസ്ഥാപിച്ചെങ്കിലും വൈകിട്ട് ഏഴിനോട് പെയ്ത കനത്ത മഴയിൽ വീണ്ടും വൈദ്യുതി മുടങ്ങുകയായിരുന്നു.