ആളിയാറിൽ നിന്നും ചിറ്റൂർ പുഴയിലേക്ക് വെള്ളമിറക്കാൻ തീരുമാനം
1299424
Friday, June 2, 2023 12:53 AM IST
ചിറ്റൂർ: ഇന്നുമുതൽ ചിറ്റൂർ താലൂക്കിൽ കുടിവെള്ള ക്ഷാമം നേരിടുന്നതിനു പരിഹാരമായി ആളിയാറിൽ നിന്നും മൂലത്തറയിലക്ക് വെള്ളമിറക്കാൻ കേരള- തമിഴ്നാട് ജോയിന്റ് വാട്ടർ റഗുലേറ്ററി ബോർഡ് യോഗത്തിൽ തീരുമാനം. ചെന്നൈയിൽ ഇരു സംസ്ഥാന ജലസേചന വകുപ്പ് അധികൃതരുടെ യോഗത്തിൽ കേരളത്തെ പ്രതിനിധികരിച്ച് ജോയന്റ് ഡയറക്ടർ ഷെറിനാണ് പങ്കെടുത്തത്. ഇന്നുമുതൽ 100 ക്യുസെക്സ് ജലം കുടിവെള്ളത്തിനായും ഈമാസം ഏഴുമുതൽ 330 ക്യുസെക്സ് ജലം കാർഷിക ആവശ്യത്തിനായും ആളിയാറിൽ നിന്നും വെള്ളം ഇറക്കാൻ ധാരണയായതായി ചിറ്റൂർ ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു.
ജലസംഭരണികളിൽ ജലനിരപ്പ് കുറഞ്ഞതോടെ കുടിവെള്ളവിതരണം നിലയ്ക്കുമെന്ന അവസ്ഥയിലായതോടാണ് പറന്പിക്കുളം ജോയന്റ റഗുലേറ്ററി ബോർഡ് അധികൃതർ ചെന്നൈയിലെത്തി അടിയന്തര യോഗത്തിൽ സ്ഥിതിഗതികൾ അറിയിച്ചത്. ഇതിനു ശേഷമാണ് തമിഴ്നാട് അധികൃതർ ആളിയാറിൽ നിന്നും ജലം ഇറക്കാൻ സന്നദ്ധമായത്. പറന്പിക്കുളംഡാം ഷട്ടർ തകർച്ച പരിഹരിക്കാൻ ജലം ചാലിയാർ പുഴയിൽ വെള്ളം ഇറക്കിയതാണ് ഇപ്പോഴത്തെ ജലക്ഷാമത്തിന് കാരണമായത്.