കൊടുവായൂർ: 200 മീറ്റർ ഉയരത്തിൽ പാറിപ്പറക്കും, കാമറക്കണ്ണിൽ കാണുന്നതെല്ലാം ഒപ്പിയെടുക്കും. ഇതാണ് കൊടുവായൂർ കരുവന്നൂർ തറയിലെ 12 വയസുകാരൻ ജയകൃഷ്ണൻ നിർമിച്ച ഡ്രോണിന്റെ പ്രത്യേകത. അമ്മയോടൊപ്പം ഒരു വിവാഹത്തിന് പോയപ്പോഴാണ് ജയകൃഷ്ണൻ ആദ്യമായി ഡ്രോണ്‍ കാണുന്നത്. പിന്നെ തനിക്കും അതുപോലെ ഒന്നു നിർമിക്കണമെന്ന ആഗ്രഹമായി.
പിന്നാലെ കൊടുവായൂർ പഞ്ചായത്ത് ലൈബ്രറിയിലെ സ്റ്റാഫ് മിനി കൂടി പിന്തുണ നൽകിയതോടെ 12 കാരൻ ഡ്രോണ്‍ നിർമിക്കുകയായിരുന്നു. യൂട്യൂബിലൂടെയും മറ്റ് ഓണ്‍ലൈൻ സൈറ്റുകളിലൂടെയുമാണ് ജയകൃഷ്ണൻ ഡ്രോണ്‍ ഉണ്ടാക്കാൻ പഠിച്ചത്. നിർമാണത്തിന് ആവശ്യമായ സാധനങ്ങൾ വാങ്ങിയതും ഓണ്‍ലൈൻ വഴി തന്നെ. കൊറോണ മൂലം അച്ഛനെ നഷ്ടമായ ജയകൃഷ്ണന് അമ്മ മാത്രമാണുള്ളത്. കൂടുതൽ പൈസ ലഭിച്ചാൽ നല്ല കാമറ ഘടിപ്പിച്ച വലിയ ഡ്രോണ്‍ നിർമിക്കണമെന്നതാണ് ജയകൃഷ്ണന്റെ ആഗ്രഹം. അമ്മ ഗീതയും തന്നാലാകുന്ന പ്രോത്സാഹനം നൽകുന്നുണ്ട്. ഡ്രോണിന് പുറമേ ബ്ലൂടൂത്ത് സ്പീക്കർ, ലേസർ, പവർ ബാങ്ക് എന്നിവയും 12 കാരൻ നിർമിച്ചിട്ടുണ്ട്. കൊടുവായൂർ എംഎംഎംഎസ്ബി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ജയകൃഷ്ണൻ.