നെന്മാറ - ഒലിപ്പാറ റോഡ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചു
1338627
Wednesday, September 27, 2023 1:40 AM IST
നെന്മാറ : പൊതുമരാമത്തിൽ നിന്ന് ഏറ്റെടുത്ത നെന്മാറ-ഒലിപ്പാറ റോഡിന്റെ നിർമാണ പ്രവൃത്തികൾക്ക് തുടക്കം. 16.5 കോടി രൂപ ചിലവിൽ വലിപ്പം കൂടിയ കൽവർട്ടുകളുടെയും വശങ്ങളിൽ സംരക്ഷണഭിത്തികളുടെയും നിർമാണം ആരംഭിച്ചു.
മാസങ്ങൾക്കകം റോഡ് വീതി കൂട്ടി നവീകരിച്ച് രണ്ടുവരി പാതയായി നിർമാണം പൂർത്തിയാകും. എന്നാൽ റോഡിന് ഒരുവശത്തുകൂടി കുടിവെള്ള വിതരണ പൈപ്പുകൾ കേരള വാട്ടർ അഥോറിറ്റി ജല ജീവൻ മിഷൻ പദ്ധതി പ്രകാരം പോത്തുണ്ടി കുടിവെള്ള പദ്ധതിക്കായി സ്ഥാപിച്ചിട്ടുണ്ട്.
ഈ പദ്ധതിയിൽ നിന്നും റോഡിന്റെ ഒരു വശത്തുള്ള വീടുകൾക്ക് മാത്രമാണ് നിലവിൽ കുടിവെള്ള കണക്ഷൻ നല്കിയിട്ടുള്ളത്. നെന്മാറ, അയിലൂർ പഞ്ചായത്തുകളിലായി റോഡിന്റെ മറുവശത്തുള്ള 400 ഓളം വീടുകൾക്ക് ഇനിയും കുടിവെള്ള കണക്ഷൻ നല്കേണ്ടതായുണ്ട്.
ഇതിനായി നിലവിലുള്ള റോഡ് വെട്ടിപ്പൊളിച്ച് കുറുകെ പൈപ്പ് സ്ഥാപിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ദേശീയപാത നിർമാണ പ്രവർത്തനങ്ങൾക്ക് മുൻപ് തന്നെ അനുമതിയും നല്കിയിട്ടുള്ളതാണ്.
ദേശീയപാത വിഭാഗത്തിന് കൈമാറിയ റോഡിന് എതിർവശത്തുള്ള വീടുകളിലേയ്ക്ക് വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള കണക്ഷൻ നല്കുവാനുള്ള നടപടികൾ ഇനിയും സ്വീകരിച്ചിട്ടില്ല. ടെൻഡർ നടപടികൾ ആയിട്ടില്ല എന്നാണ് ജലജീവൻ മിഷനുമായി ബന്ധപ്പെട്ടവർ പറയുന്നത്.
ഇത് കുടിവെള്ളത്തെ പ്രതീക്ഷിച്ചിരിക്കുന്ന വീട്ടുകാർക്ക് തിരിച്ചടിയാകുകയാണ്. നിലവിൽ റോഡിന് ഒരു വശത്തുള്ള വീടുകൾക്ക് ഇപ്പോൾ പൈപ്പ് കണക്ഷൻ മൂലം വെള്ളം ലഭിക്കുമ്പോൾ റോഡിന്റെ മറുവശത്തുള്ളവർക്ക് നോക്കിനില്ക്കാൻ മാത്രമേ കഴിയുന്നുള്ളു.
വാട്ടർ അഥോറിറ്റിയുടെ പ്രവർത്തന മന്ദഗതിയും ദേശീയപാത നിർമാണത്തിന് ശേഷം ഉണ്ടാകുന്ന പ്രതിസന്ധിയും പരിഹരിക്കാൻ പഞ്ചായത്ത് പ്രസിഡന്റുമാരും എംഎൽഎയും ഉൾപ്പെടുന്ന ജനപ്രതിനിധികൾ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.