വടകരപ്പള്ളിയിൽ 19.84 കോടി ചെലവിൽ വൻകിട റഗുലേറ്റർ നിർമാണം പൂർത്തീകരിച്ചു
1339090
Friday, September 29, 2023 12:27 AM IST
ചിറ്റൂർ : 19.84 കോടി ചെലവിൽ ചിറ്റൂർപ്പുഴ വടകരപ്പള്ളിയിൽ വൻകിട റഗുലേറ്റർ നിർമാണം പൂർത്തീകരിച്ചു. കുടിവെള്ളം- കാർഷിക ജലസേചനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലായിരിക്കുന്നത്.
പെരുവെമ്പ്, പൊൽപ്പുള്ളി, ചിറ്റൂർ -തത്തമംഗലം നഗരസഭ എന്നീ പ്രദേശങ്ങളിലുള്ളവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നത്. മന്ത്രി കെ.കൃഷ്ണൻ കുട്ടി ജലസേചന വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് റഗുലേറ്റർ നിർമാണ പദ്ധതിക്ക് തുടക്കമിട്ടത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് റഗുലേറ്റർ നിർമാണം നടത്തിയിരിക്കുന്നത്.
പദ്ധതി പ്രവർത്തന ക്ഷമമാവുന്നതോടെ ഒരു നഗരസഭ മറ്റും മൂന്നു പഞ്ചായത്ത് പ്രദേശങ്ങളിലെ ജലസംഭരണികളിൽ ജലനിരപ്പ് ഉയരും.
സ്വകാര്യ പമ്പിംഗ്, ലിഫ്ട് ഇറിഗേഷൻ പദ്ധതി നടപ്പിലാവുന്നതോടെ നാണ്യവിള ഉല്‍പ്പാദനത്തിൽ ഗണ്യമായ വർധനവ് പ്രതീക്ഷിക്കപെടുന്നുണ്ട്. കൂടാതെ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ ജലസംഭരണികളിൽ കൂടുതൽ ജലം ലഭ്യമാവും.
ആധുനിക രീതിയിലുള്ള വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഷട്ടറുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഉടൻ തന്നെ ജനറേറ്ററുകളം ഘടിപ്പിക്കും.
അഞ്ച് മീറ്റർ ഉയരവും 10 മീറ്റർ ദൈർഘ്യവുമുള്ള ള്ള 12 യന്ത്രവത്ക്കരണ ഷട്ടറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. തടയണയുടെ അടിത്തട്ടിൽ നിന്നു അഞ്ച് മീറ്റർ ഉയരത്തിൽ ജലം സംഭരിക്കാൻ റഗുലേറ്ററിനു കഴിയും. ഇതിലൂടെ 0.60 എംഎം ക്യൂബ് ജലം സംഭരണത്തിനു കഴിയും.
തടയണയുടെ ഇരുപാർശ്വ ഭിത്തികളും കോൺക്രീറ്റ് ഭിത്തികൾ നിർമിച്ചിരിക്കുന്നത് തടയണയ്ക് കൂടതൽ സംരക്ഷണമായിരിക്കും. ചിറ്റൂർ പുഴയിൽ വാലറ്റ പ്രദേശങ്ങളിൽ ആളിയാർ വെള്ളം എത്തുന്നിലെന്ന കർഷകരുടെ പരാതികൾക്കും വടകരപ്പള്ളി തടയണ പരിഹാരമായിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.