നെല്ലിയാമ്പതിയിലെ ചില്ലി കൊമ്പൻ പകൽ സമയത്തും വിലസുന്നു
1340027
Wednesday, October 4, 2023 1:07 AM IST
നെന്മാറ: നെല്ലിയാമ്പതി ചന്ദ്രമല ചായ ഫാക്ടറിയുടെ സമീപ പ്രദേശങ്ങളിൽ പകൽ സമയത്തും കാട്ടാനയുടെ സാന്നിധ്യം.
പ്രദേശവാസികൾ ചില്ലിക്കൊമ്പനെന്നു വിളിക്കുന്ന കാട്ടാന കഴിഞ്ഞ ഒരാഴ്ചയിലേറിയായി ജനവാസ മേഖലയിൽ തന്നെയാണ് ഭക്ഷണം തേടുന്നത്.
തോട്ടം തൊഴിലാളികൾ താമസിക്കുന്ന കോട്ടയംകാട്, തന്തിപ്പാടി, പുതുപ്പാടി, ഊത്തുക്കുഴി പ്രദേശങ്ങളിൽ രാപകൽ ഭേദമില്ലാതെ ചുറ്റിക്കറങ്ങുകയാണ് ഈ കൊമ്പൻ.
പകൽ സമയങ്ങളിൽ വിനോദസഞ്ചാരികൾ ആനയുടെ മുന്നിലെത്തിയാൽ ഫോട്ടോ എടുക്കുന്നതിനും ആനയുടെ ശ്രദ്ധ തിരിക്കുന്നതിനായി ശബ്ദം ഉണ്ടാക്കുന്നതും ആനയെ പ്രകോപനം ഉണ്ടാക്കുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
രാത്രി സമയങ്ങളിൽ പുലയംപാറ, ഓറഞ്ച് ഫാം പരിസരങ്ങളിൽ എത്താറുണ്ടെങ്കിലും കടകമ്പോളങ്ങൾക്കോ വീടുകൾക്കോ നാശം വരുത്താറില്ല.
പ്രദേശവാസികൾക്ക് ശല്യം ഇല്ലാത്തതിനാൽ വനം വകുപ്പും ആനയെ ഉൾക്കാട്ടിലേയ്ക്ക് കയറ്റി വിടാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. ചക്കയുടെ സീസൺ സമയത്ത് മണം പിടിച്ച് പ്ലാവുള്ള സ്ഥലങ്ങളിലെല്ലാം എത്താറുണ്ടെങ്കിലും ചക്ക തീർന്നതോടെ ശാന്ത സ്വഭാവക്കാരനായ ചില്ലി കൊമ്പൻ പകൽ സമയത്ത് നെല്ലിയാമ്പതിയിലെ തേയില തോട്ടങ്ങളിലും കാപ്പിത്തോട്ടങ്ങളിലും നിത്യ സാന്നിധ്യമായി മാറി.
തേയില തോട്ടങ്ങളിൽ വളരെ ദൂരെ നിന്നു തന്നെ ആനയെ കാണാൻ കഴിയുന്നത് സഞ്ചാരികൾക്കും ഫോട്ടോഗ്രാഫർമാർക്കും ചാകരയായി മാറി.