കുളത്തിന്റെ ബണ്ട് തകർന്ന് വെള്ളം നഷ്ടപ്പെട്ടു; മത്സ്യകൃഷിയിൽ നഷ്ടം
1417984
Monday, April 22, 2024 1:24 AM IST
നല്ലേപ്പിള്ളി: മൂച്ചിക്കുന്ന് പാടശേഖരത്തിലെ ബണ്ട് തകർന്ന പുളിയമ്പാല കുളത്തിൽ മത്സ്യകൃഷി നടത്തിയതിന്റെ വിളവെടുപ്പിനു മുൻ പഞ്ചായത്ത് അംഗം വി.രാജൻ നേതൃത്വം വഹിച്ചു. കുറുമണ്ണാം സ്വദേശി ശിവനാണ് ഒരു വർഷം 15000 രൂപ പാട്ടം കൊടുത്ത് കുളം വാടകക്ക് എടുത്തത്.
സ്വകാര്യ ഏജൻസികളിൽ നിന്ന് മത്സ്യകുഞ്ഞുങ്ങൾ വലിയ വില കൊടുത്ത് കുളത്തിൽ ഇറക്കി രണ്ടാഴ്ച കഴിഞ്ഞതും കുളത്തിന്റെ ബണ്ടു തകർന്നു.
ബണ്ട് തകർച്ച ശരിയാക്കാത്തതു മൂലം രണ്ടേക്കർ വിസ്തീർണം ഉള്ള കുളത്തിൽ ഒരു ഏക്കർ സ്ഥലത്തു പോലും വെള്ളം നിർത്താൻ കഴിയാതായി. ഇതുമൂലം മത്സ്യം വളരാനുള്ള വെള്ളം ഇല്ലാതായി. മത്സ്യങ്ങളുടെ വരൾച്ച മുരടിച്ചു.
രണ്ടുകിലോ വളർച്ചയെത്തേണ്ട സ്ഥാനത്ത് അര കിലോ പോലും വളരാത്ത സ്ഥിതിയുണ്ടായി. വലിയ വില കൊടുത്ത് വാങ്ങിയ മത്സ്യതീറ്റയിട്ടു കൊടുത്തിട്ടു പോലും വളർന്നില്ല. മത്സ്യം പിടിക്കാനും പായലും ചണ്ടിയും നീക്കാനും വല വലിക്കാനും 25 പുരുഷന്മാരുടെ പണിക്കൂലിയും വേണ്ടിവന്നു.
800 രൂപ നിരക്കിലാണ് കൂലി നൽകിയത്. ഇതുമൂലം മത്സ്യകൃഷി നഷ്ടത്തിലായെന്നു ശിവൻ പറഞ്ഞു.
മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങൾ നടത്താൻ പല ഏജൻസികളും കോടിക്കണക്കിന് രൂപ ചെലവാക്കുന്നുണ്ടെങ്കിലും പല വാതിലുകളിലും മുട്ടിയിട്ടും ആരും കുളത്തിന്റെ ബണ്ട് നന്നാക്കാൻ തയാറായില്ലെന്നും ശിവൻ പറഞ്ഞു.