അട്ടപ്പാടി റോഡ് മഴവെള്ളചാൽ നിർമാണം പുനരാരംഭിച്ചു
1430502
Friday, June 21, 2024 1:47 AM IST
മണ്ണാർക്കാട്: അട്ടപ്പാടി റോഡ് നിർമാണത്തിന്റെ ഭാഗമായി നടക്കുന്ന മഴവെള്ള ചാൽ നിർമാണം പുനരാരംഭിച്ചു. ഏതാനും ആഴ്ചകളായി നിർത്തിവച്ച മഴവെള്ള ചാൽ നിർമാണമാണ് ഇടവേളക്കുശേഷം പുനരാരംഭിച്ചത്. ഇന്നലെ രാവിലെ തെങ്കര ജംഗ്ഷനിൽ നിന്നും ആനമൂളി ഭാഗത്തേക്കുള്ള റോഡിലാണ് മഴവെള്ള ചാൽ നിർമാണം പുനരാരംഭിച്ചത്.
മഴവെള്ള ചാൽ നിർമാണം നിർത്തിവച്ചതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. വ്യാപാരികൾ അടക്കമുള്ളവർ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയതാണ്.
വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും മുൻവശത്ത് പകുതി നിർത്തിയ നിലയിൽ ബാക്കിയായി കിടക്കുകയാണ് മഴവെള്ള ചാലുകൾ. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകും. മഴ ശക്തമായതോടെ നിർമാണത്തിൽ ഇരിക്കുന്ന ചാലുകളിൽ വെള്ളം നിറഞ്ഞ് അപകട ഭീഷണി ഉയർത്തുകയായിരുന്നു. കാസർകോട് ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് റോഡ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്.
നെല്ലിപ്പുഴ-ചിന്നത്തടാകം അന്തർ സംസ്ഥാന റോഡ് നിർമാണത്തിന്റെ ഭാഗമായാണ് ഇവിടെ മഴവെള്ള ചാലുകൾ നിർമീക്കുന്നത്. കിഫ്ബിയുടെ 95 കോടി രൂപയോളം ചെലവഴിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ മൂന്നു ഘട്ടങ്ങളിലായി നടക്കുന്നത്. ഇതിൽ ആദ്യഘട്ടമായ നെല്ലിപ്പുഴ മുതൽ ആനമൂളി വരെയുള്ള ഭാഗങ്ങളിലെ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഒന്നാംഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി മൂന്ന് കിലോമീറ്ററോളം ദൂരം ടാറിംഗ് പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ട്. മഴച്ചാൽ നിർമാണം പൂർത്തിയായാൽ മാത്രമേ ബാക്കിയുള്ള നിർമാണ പ്രവർത്തനങ്ങൾ കൂടി പൂർത്തിയാവുകയുള്ളൂ.
ഒന്നാംഘട്ടത്തിൽ നിർമാണം പൂർത്തിയാക്കുന്ന ഒൻപത് കിലോമീറ്റർ ദൂരത്തിൽ 4 കിലോമീറ്റർ ദൂരം ഇനിയും മഴവെള്ള ചാൽ നിർമിക്കാനുണ്ട്. ഈ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡ് നിർമാണം നടക്കുന്ന ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.