വിരിഞ്ഞിപ്പാടം തുരങ്കപ്പാതയിൽ ദുരിതമായി മഴവെള്ളക്കെട്ട്
1436209
Monday, July 15, 2024 1:47 AM IST
പുതുനഗരം: വിരിഞ്ഞിപ്പാടം റെയിൽവേ തുരങ്കപ്പാതയിൽ മഴവെള്ളക്കെട്ടു രൂക്ഷമായതോടെ യാത്രികർക്കു ദുരിതയാത്ര. പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് പുതുനഗരം പ്രധാന പാതയിലെത്താനുള്ള ഏകമാർഗമാണ് ഈ നടപ്പാത.
നടവഴിയുടെ ഇരുഭാഗവും ഉയർന്നതിനാലും വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതുമാണ് വെള്ളക്കെട്ടിനു കാരണം.തടഞ്ഞുനിർത്തിയതു പോലെ വെള്ളക്കെട്ടു രൂപപ്പെട്ടിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ ഇവിടെ തെന്നിവീഴുന്നതും പതിവാണ്. നിർദിഷ്ട സ്ഥലം റെയിൽവേ വകുപ്പിന്റെ അധികാര പരിധിയിലാണെന്നതിനാൽ മറ്റാർക്കും നവീകരണം നടത്താനും കഴിയില്ല.
ഇതിനിടെ വെള്ളക്കെട്ടിൽ വിഷപ്പാമ്പിനെ കണ്ടിരുന്നതായും നാട്ടുകാർ പറയുന്നു. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാരാണ് ഇതുവഴി കടന്നുപോകുന്നത്.
വെള്ളക്കെട്ട് ഒഴിവാക്കാൻ റെയിൽവേ അധികൃതർ നടപടി സ്വീകരിക്കണമന്നാണ് നാട്ടുകാരുടെ ആവശ്യം. യാത്രക്കാർ ഈ വഴി നടന്നു പോവുന്നത് അപകടഭീഷണിയിലാണ്.
മഴവെള്ളം ഒഴികിപ്പാവാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നതാണ് ജനകീയാവശ്യം.