ഒറ്റപ്പാലം പച്ചക്കറിവിപണനകേന്ദ്രത്തിന്റെ ശനിദശയ്ക്കു പരിഹാരമായില്ല
1576993
Saturday, July 19, 2025 1:27 AM IST
ഒറ്റപ്പാലം: പച്ചക്കറി വിൽക്കാൻ തുടങ്ങിയ വിപണനകേന്ദ്രത്തിന്റെ ശനിദശയ്ക്ക് പരിഹാരമായില്ല. കർഷകർക്കുവേണ്ടി നിർമിച്ച വിപണനകേന്ദ്രം ഇരുചക്രവാഹനങ്ങൾക്കായുള്ള പാർക്കിംഗ് കേന്ദ്രമായി തുടരുകയാണ്. ഒറ്റപ്പാലം നഗരസഭ ബസ്സ്റ്റാൻഡിനു പിറകുഭാഗത്താണ് ലക്ഷങ്ങൾ മുടക്കി നിർമിച്ച ഈ വിപണനകേന്ദ്രം.
ഏറെനാളത്തെ കാത്തിരിപ്പും കഷ്ടപ്പാടും സഹിച്ചു നട്ടുനനച്ചുണ്ടാക്കിയ പച്ചക്കറികൾ വിൽക്കാൻ കഴിയാതെ കർഷകർ ദുരിതമനുഭവിക്കുമ്പോഴാണ് ഒറ്റപ്പാലത്തെ പച്ചക്കറി വിപണനകേന്ദ്രം ദുരവസ്ഥയിൽ കിടക്കുന്നത്. കേന്ദ്രത്തിന്റെ ഷെഡുകൾ ഇതിനകം നാശോന്മുഖമായിക്കഴിഞ്ഞു. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് കർഷകരുടെ പ്രശ്നം പരിഹരിക്കാനും ഉപഭോക്താക്കൾക്ക് തദ്ദേശീയമായി കൃഷിചെയ്ത പച്ചക്കറി നൽകാനുമായി നഗരസഭയുടെ നേതൃത്വത്തിൽ ഓപ്പൺ ഓഡിറ്റോറിയത്തിൽ താത്കാലികകേന്ദ്രം തുറന്നിരുന്നു. കർഷക കൂട്ടായ്മകളുടെയും കൃഷിഭവന്റെയും സഹായത്തോടെയായിരുന്നു നടത്തിപ്പ്. 20 കർഷകർവരെ സ്ഥിരമായി പച്ചക്കറികളെത്തിച്ചിരുന്നു.
ഇടനിലക്കാരില്ലാതെ ഉപഭോക്താവിന് പച്ചക്കറി കുറഞ്ഞവിലയിൽ കിട്ടാൻ തുടങ്ങിയതോടെ അന്ന് അത് വൻവിജയമായി. ഇതേത്തുടർന്നാണ് അടുത്തപദ്ധതിയിൽ ഫണ്ടുവച്ച് വിപണനകേന്ദ്രം സ്ഥിരം സംവിധാനമാക്കാൻ അന്നത്തെ ഭരണസമിതി തീരുമാനിച്ചത്. ഇതിനായി വിപണനകേന്ദ്രം നിർമിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടില്ല. ഒറ്റപ്പാലത്ത് പനമണ്ണയുൾപ്പെടെ പലയിടങ്ങളിലും പച്ചക്കറിവിൽക്കാൻ അവസരമില്ലാതെ പാടം പൂട്ടിക്കളയുന്ന സ്ഥിതിയുണ്ടായിരുന്നു.
സമീപപഞ്ചായത്തായ അമ്പലപ്പാറയിൽ കപ്പകർഷകർക്കും വിപണനസാധ്യതകളില്ലാത്ത പ്രശ്നങ്ങളുണ്ടായിരുന്നു. ഇവരെയെല്ലാം ഒരുമിപ്പിച്ച് കർഷകകൂട്ടായ്മകൾ രൂപീകരിച്ച് കൃഷിഭവന്റെ നേതൃത്വത്തിൽ ചന്ത തുടങ്ങിയാൽ ഉപഭോക്താക്കൾക്കും കർഷകർക്കും ഒരുപോലെ ഗുണംചെയ്യും.