നിപ്പ: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം
1577001
Saturday, July 19, 2025 1:27 AM IST
മണ്ണാർക്കാട്: ജില്ലയിൽ നിലവിൽ നിപ്പ സ്ഥിരീകരിച്ചവരുടെ എണ്ണം 2 ആണ്. അതിൽ തച്ചനാട്ടുകര സ്വദേശിനി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുന്നു. കുമരംപുത്തൂർ സ്വദേശി മരണപ്പെട്ടിരുന്നു.
കൂടാതെ സംശയാസ്പദമായ രോഗലക്ഷണങ്ങളുള്ള ഒരു രോഗിയുടെ സാന്പിൾ വിദഗ്ധപരിശോധനയ്ക്കായി പൂനെയിലേക്ക് അയച്ചതിന്റെ ഫലം നെഗറ്റീവ് ആണ്. നിലവിൽ പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ 17 പേർ ഐസൊലേഷനിൽ കഴിയുന്നു.
ജില്ലയിലാകെ 435 പേരാണ് സന്പർക്ക പട്ടികയിലുള്ളത്. നിപ്പ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്നലെ 1414 വീടുകളിൽ സന്ദർശനം നടത്തി പനി സർവേ പൂർത്തീകരിച്ചു. ജില്ലാ മാനസികാരോഗ്യ വിഭാഗം ഇന്നലെ 51 പേർക്ക് ടെലിഫോണിലൂടെ കൗണ്‍സലിംഗ് സേവനം നൽകിയിട്ടുണ്ട്. കണ്ട്രോൾ സെല്ലിലേക്ക് ഇന്നലെ നിപ്പ രോഗവ്യാപനവുമായി ബന്ധപ്പെട്ട് 34 കോളുകൾ ഉണ്ടായിട്ടുണ്ട്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ജില്ലയിലെത്തി അഡിഷണൽ ഡയറക്ടർ ഓഫ് ഹെൽത്ത് ഡോ.കെ.പി. റീത്ത, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.ആർ. വിദ്യ, ജില്ലാ സർവെയ്ലൻസ് ഓഫീസർ ഡോ. കാവ്യ കരുണാകരൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ജിഎൽപിഎസ് പെരിന്പടാരിയിൽ ഇന്നലെ മുതൽ ആരംഭിച്ച സ്പെഷൽ ക്ലിനിക്കിൽ 76 പേർ പരിശോധനക്കായി എത്തി.
മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിൽനിന്നും തെങ്കരയിൽ നിന്നുമായി രണ്ടു വവ്വാലുകളുടെ ജഡം കണ്ടെത്തിയുണ്ടെന്നും നിപ്പ രോഗബാധ പ്രദേശത്ത് ഇന്നലെ മൃഗങ്ങൾക്കിടയിൽ മറ്റു അസ്വാഭാവിക മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കണ്ടെയ്ൻമെന്റ് സോണ്‍ പ്രഖ്യാപിച്ചതിനുശേഷം ആകെ 1514 കുടുംബങ്ങൾക്ക് റേഷൻ വിതരണം നേരിട്ട് നൽകിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കുമരംപുത്തൂർ, കാരാകുറുശി, കരിന്പുഴ പഞ്ചായത്തുകളിലേയും മണ്ണാർക്കാട് മുൻസിപ്പാലിറ്റിയിലേയും കണ്ടെയ്ൻമെന്റ് സോണിലെ വാർഡുകളിലുള്ളവർ നിർബന്ധമായും മാസ്ക്ക് ധരിക്കണം.
അനാവശ്യമായി കൂട്ടംകൂടി നിൽക്കരുത്. ഈ വാർഡുകളിലേക്കുള്ള അനാവശ്യമായ പ്രവേശനവും പുറത്തു കടക്കലും ഒഴിവാക്കാൻ കർശനമായി നിരീക്ഷിക്കുകയും പരിശോധന തുടരുകയും ചെയ്യുന്നുണ്ടെന്നും പരിഭ്രാന്തി പരത്തുന്ന വിധത്തിൽ അനാവശ്യമായി ജനങ്ങൾക്കിടയിൽ വ്യാജ ഓഡിയോ സന്ദേശം പ്രചരിപ്പിച്ച ഒരാൾക്കെതിരെ കേസ് എടുത്തതായി പോലീസ് അറിയിച്ചിട്ടുണ്ട്.
നിപ്പ കണ്ട്രോൾ റൂമിൽ വിളിച്ച് വിദഗ്ധ ഉപദേശം തേടിയതിന് ശേഷം മാത്രമേ നിപ്പ പരിശോധനയ്ക്കായി പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ എത്താൻ പാടുള്ളുവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു.
നിപ്പ കണ്ട്രോൾ റൂം നന്പർ: 0491 2504002. കൗണ്‍സലിംഗ് സേവനങ്ങൾക്ക്: 7510905080. കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്നവർക്ക് ഗുരുതരമല്ലാത്ത ആശുപത്രി സേവനം ആവശ്യമായി വരുന്ന പക്ഷം ഇ-സഞ്ജീവനി വഴി ഓണ്‍ലൈനായി ഡോക്ടർ ലഭ്യമാകുന്നതാണ്. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ജനറൽ ഒപി സേവനം ലഭ്യമാണ്.