തുടർമഴ കുരുമുളകുവിളവ് കുറയ്ക്കുമെന്ന് ആശങ്ക
1576730
Friday, July 18, 2025 5:04 AM IST
വടക്കഞ്ചേരി: പ്രതീക്ഷനൽകി കുരുമുളകുകൊടികളിൽ മുളകിന്റെ ചെറുമണികൾ നിറയാൻ തുടങ്ങുന്നതിനിടെ തുടർമഴ വിളവ് കുറയ്ക്കുമോയെന്ന ആശങ്കയിലാണ് കർഷകരിപ്പോൾ. കുറച്ചുദിവസം മഴ മാറിനിന്നപ്പോൾ ആശ്വസിച്ച കർഷകർ ഇപ്പോൾ വീണ്ടും വിഷമത്തിലാണ്. ഇടവേളയില്ലാതെ മഴ തുടർന്നാൽ വള്ളികളിൽ തിരിയിടൽ കുറയും.
ഇതു വിളവിനെ ബാധിക്കുമെന്ന് കുരുമുളക് ഗ്രാമമായ പാലക്കുഴിയിലെ കർഷകൻ ഊന്നുപാലം ജോസ് പറഞ്ഞു. ഇത്തവണ തിരികൾ കുറവാണെന്നാണ് കർഷകർ പറയുന്നത്. അടുപ്പിച്ച് കുറച്ചുദിവസം വെയിൽ കിട്ടിയാലേ പുതിയ ചെനപ്പുകളിൽ കൂടുതൽ തിരിയിടൂ. വിളവും ഒപ്പം വിലയും കുറഞ്ഞാൽ മലയോര മേഖലയിലെ കുടുംബങ്ങളിലെ ഒരു വർഷത്തെ കുടുംബ ബജറ്റുകളാണ് താളംതെറ്റുക.
പാലക്കുഴി, മംഗലംഡാം മലയോരങ്ങളിലെ കർഷകരുടെ പ്രധാന വരുമാനമാണ് കുരുമുളക്. റബർ വിലയിലെ ചാഞ്ചാട്ടങ്ങൾ ബാലൻസ് ചെയ്തുപോകുന്നത് കുരുമുളകിൽ നിന്നുള്ള വരുമാനം കൊണ്ടാണ്.
ഗുണമേന്മയിലും വിലയിലും എന്നും മലയോരത്തെ കുരുമുളകാണ് മുന്നിൽ.
കുറഞ്ഞ സ്ഥലത്ത് ഏറ്റവും കൂടുതൽ കുരുമുളക് ഉണ്ടാക്കുന്ന പാലക്കുഴിയിലെ കർഷകരും കാലാവസ്ഥ വ്യതിയാനങ്ങൾ ഏറെ വ്യാകുലതയോടെയാണ് കാണുന്നത്.