പകൽസമയത്തും പടക്കവുമായി വനംവാച്ചർമാർ
1576401
Thursday, July 17, 2025 1:02 AM IST
നെന്മാറ: കരിമ്പാറ മേഖലയിൽ കാട്ടാനകളുടെ കൃഷിനാശം തുടരുന്നു. കഴിഞ്ഞരാത്രിയും കൃഷിയിടങ്ങളിലെ തെങ്ങുകൾ കാട്ടാന വ്യാപകമായി നശിപ്പിച്ചു. മുൻദിവസങ്ങളിൽ ഇറങ്ങിയ പൂഞ്ചേരിയിലെ കൃഷിയിടത്തിൽതന്നെ രാത്രിവൈകി വീണ്ടും കാട്ടാനയെത്തി.
ഇതേ കൃഷിയിടത്തിലെ അഞ്ചുതെങ്ങുകളും നിരവധി മറ്റു കാർഷികവിളകളും നശിപ്പിച്ചു. തുടർച്ചയായ നാലാംദിവസമാണ് ഒരേ കൃഷിയിടത്തിൽ വ്യത്യസ്തസമയങ്ങളിലായി കാട്ടാന എത്തിയത്. ഇതിനകം കുന്നുപറമ്പ് വീട്ടിൽ ഷാജഹാന്റെ 60 തെങ്ങുകളാണ് കാട്ടാന നശിപ്പിച്ചത്.
കഴിഞ്ഞദിവസം രാവിലെ മലയോരമേഖലയിൽ പരിശോധന നടത്തിയ വനംജീവനക്കാർ മലയോര മേഖലയോടുചേർന്ന് കാട്ടാനയെ കണ്ടെത്തി.
പടക്കം പൊട്ടിച്ച് പിന്തുടർന്ന് ഉൾവനത്തിലെ ആലുംപതിയിലേക്കു കയറ്റിവിട്ടിരുന്നു. കരിമ്പാറ, കൽച്ചാടി, പൂഞ്ചേരി, ചള്ള തുടങ്ങിയ സമീപ മേഖലകളിലായി വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു വനംവാച്ചർമാർ ആനകളെ കാട്ടിലേക്കു കയറ്റിയിരുന്നു. രാത്രിയിൽ പടക്കംപൊട്ടിച്ച് കാവലിരിക്കുന്നുണ്ടെന്നും വാച്ചർമാർ പറഞ്ഞു.