പനയന്പാടത്തും കല്ലടിക്കോടും നാറ്റ്പാക് സംഘം പരിശോധന നടത്തി
1575827
Tuesday, July 15, 2025 2:02 AM IST
കല്ലടിക്കോട്: ദേശീയപാതയിൽ സ്ഥിരം അപകടമേഖലകളായ പനയന്പാടം, കല്ലടിക്കോട് അയ്യപ്പൻകാവ് പ്രദേശങ്ങളിൽ നാറ്റ്പാക് സംഘം പരിശോധന നടത്തി. അപകടകാരണങ്ങളെക്കുറിച്ചും റോഡിന്റെ അപര്യാപ്തതയെക്കുറിച്ചും പഠനം നടത്താൻ വിദഗ്ധ സംഘമെത്തിയതോടെ പ്രദേശവാസികൾ പ്രതീക്ഷയിലാണ്. തിരുവനന്തപുരത്തു നിന്നു നാറ്റ്പാക്, പൊതുമരാമത്ത്, മോട്ടോർവാഹന വകുപ്പ്, പോലീസ് എന്നിവരുൾപ്പെട്ട സംഘമാണു പരിശോധന നടത്തിയത്.
5 പേരുടെ മരണത്തിനിടയാക്കിയ അപകടംനടന്ന കല്ലടിക്കോട് ഭാഗവും 4 വിദ്യാർഥിനികളുടേതടക്കം ഒട്ടേറെ അപകടമരണങ്ങൾനടന്ന പനയന്പാടം ഭാഗവുമാണ് പരിശോധിച്ചത്. ദേശീയപാതയിൽ പലയിടത്തും പ്രശ്നങ്ങൾ ഉണ്ടെന്നു സംഘം പറഞ്ഞു. ചിലയിടത്ത് റോഡിന് ആവശ്യമായ വീതിയില്ല. ചിലയിടങ്ങളിൽ വീതി കൂടുതലാണ്.
പനയന്പാടത്ത് 500 മീറ്റർ അപകടമേഖലയാണെന്നും സംഘം വിലയിരുത്തി. ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങളുടെ വേഗം കുറയുകയും കയറിപ്പോകുന്ന വാഹനങ്ങൾക്കു സുഗമമായി കയറിപ്പോകാൻ കഴിയുകയും ചെയ്യുന്ന രീതിയിൽവേണം നിർമാണം. പനയന്പാടത്തു വെളിച്ചക്കുറവും ഉണ്ട്. ഇരുവശവും പാർക്കിംഗ് ഒഴിവാക്കണം.
റോഡിൽ പലഭാഗത്തും വെള്ളക്കെട്ടുകൾ ഉണ്ട്. മഴവെള്ളം പൂർണമായും ഒഴിഞ്ഞുപോകാനുള്ള സൗകര്യം വേണം. റോഡിന്റെ വശങ്ങളിലുള്ള കലുങ്കിൽ പോരായ്മകളുണ്ട്. ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ മാറ്റി സ്ഥാപിക്കണം. പരിഹാരങ്ങൾക്കായി അനുവദിച്ച 1.35 കോടി രൂപ തികയാതെവരും. കൂടുതൽ തുക ദേശീയപാത അഥോറിറ്റി അനുവദിക്കണമെന്നും നാറ്റ്പാക് പ്രിൻസിപ്പൽ ഗവേഷകൻ സഞ്ജയ് കുമാർ പറഞ്ഞു.
ജൂണിയർ ഗവേഷകരായ ഗൗതം സാരംഗ്, പി.പി. ഷിജിത്ത്, മണ്ണാർക്കാട് ഗതാഗത വകുപ്പ് ഇൻസ്പെക്ടർ പി.എം. രവികുമാർ, പൊതുമരാമത്ത് വകുപ്പ് എൻഎച്ച് വിഭാഗം എഇ പി. സ്മിത, മണ്ണാർക്കാട് ഡിവൈഎസ്പി എം. സന്തോഷ്കുമാർ, കല്ലടിക്കോട് ഇൻസ്പെക്ടർ ജി.എസ്. സജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.