നിപ്പ നിയന്ത്രണങ്ങൾ നീക്കി; ജാഗ്രത തുടരണമെന്ന് ജില്ലാ ഭരണകൂടം
1575392
Sunday, July 13, 2025 7:49 AM IST
പാലക്കാട്: തച്ചനാട്ടുകര പഞ്ചായത്തിലെ 7, 8, 9,11 വാർഡുകളിലും കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാർഡുകളിലും നിലവിലുണ്ടായിരുന്ന കണ്ടയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ പിൻവലിച്ചു. നിലവിൽ ക്വാറന്റൈനിൽ കഴിയുന്ന വ്യക്തികൾ അറിയിപ്പ് ലഭിക്കുന്നതുവരെ തുടരണമെന്നു ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു.
പൊതുഇടങ്ങളിൽ മാസ്ക് ധരിക്കുക, കൈകൾ സാനിറ്റൈസ് ചെയ്യുക, ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ സമീപത്തെ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടുക എന്നീ നിർദേശങ്ങൾ പാലിക്കണം. ജില്ലയിൽ നിലവിൽ ഒരു രോഗിക്കുമാത്രമാണ് നിപ്പ സ്ഥിരീകരിച്ചിട്ടുള്ളത്. പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ ഐസൊലേഷനിൽ കഴിയുന്ന അഞ്ചുപേരുടെ പുനർ സാന്പിൾ പരിശോധനാഫലം നെഗറ്റീവ് ആയി വന്നതിനാൽ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയിട്ടുണ്ട്. അവരോട് വീടുകളിൽ ക്വാറന്റൈനിൽ തുടരാൻ നിർദേശിച്ചിട്ടുണ്ട്. നിലവിൽ ജില്ലയിൽ 178 പേരാണ് സന്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർ ആകെ 3020 ഗൃഹസന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്.
ജില്ലാ മാനസികാരോഗ്യ വിഭാഗം ഇതുവരെ 348 പേർക്ക് ടെലഫോണിലൂടെ കൗണ്‍സലിംഗ് സേവനം നൽകിയിട്ടുണ്ട്. പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ സെല്ലിലേക്ക് നിപ്പ രോഗ വ്യാപനവുമായി ബന്ധപ്പെട്ട് 105 കോളുകൾ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.
കണ്ടെയ്മെന്റ് സോണ്‍ പ്രദേശത്ത് ഇന്നലെ മൃഗങ്ങൾക്കിടയിൽ അസ്വാഭാവിക മരണം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് മൃഗസംരക്ഷണവകുപ്പ് അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണിൽ ചത്ത നിലയിൽ കണ്ടെത്തിയ തെരുവ്നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതുവരെ ആകെ 1012 കുടുംബങ്ങൾക്ക് കണ്ടൈയ്മെന്റ് സോണിൽ നിന്ന് നേരിട്ട് റേഷൻ വിതരണം ചെയ്തിട്ടുണ്ടെന്നും പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നും ജില്ല സപ്ലൈ ഓഫീസർ അറിയിച്ചു. കണ്ടെയ്മെന്റ് സോണുകളായിരുന്ന തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7,8,9,11 വാർഡുകൾ, കരിന്പുഴ ഗ്രാമ പഞ്ചായത്തിലെ 17, 18 വാർഡുകൾ എന്നിവിടങ്ങളിൽ പ്രഖ്യാപിച്ചിരുന്ന നിപ്പനിയന്ത്രണങ്ങൾ പിൻവലിച്ചതിനാൽ അവിടങ്ങളിലുണ്ടായിരുന്ന പിക്കറ്റ് പോസ്റ്റുകൾ, ബാരിക്കേഡുകൾ, എൻട്രി , എക്സിറ്റ് പോയിന്റുകൾ അടയ്ക്കൽ എന്നിവ പിൻവലിച്ചതായി പോലീസ് വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് മൊബൈൽ പട്രോളിംഗും മോട്ടോർ സൈക്കിൾ ബീറ്റും തുടരുന്നുണ്ട്.