വടക്കഞ്ചേരി -മണ്ണുത്തി ആറുവരി ദേശീയപാത പൊടിയിൽ മുങ്ങി
1575393
Sunday, July 13, 2025 7:49 AM IST
വടക്കഞ്ചേരി: മഴ മാറി നിന്നപ്പോൾ പൊടിയിൽ മുങ്ങുകയാണ് വടക്കഞ്ചേരി - മണ്ണുത്തി ആറുവരി ദേശീയ പാത. ക്വാറിവേയ്സ്റ്റ് നിറച്ച കുഴികളിൽ നിന്നാണ് പൊടി ഉയരുന്നത്. മേൽ പാലങ്ങളുടെ നിർമാണം നടക്കുന്ന വാണിയംപാറ, കല്ലിടുക്ക്, മുടിക്കോട് ഭാഗത്താണ് പൊടി രൂക്ഷം.
മുന്നിൽ പോകുന്ന വാഹനം കാണാനാകാത്ത വിധമാണ് പൊടി നിറയുന്നത്. ഇവിടെ സർവീസ് റോഡുകൾ വഴിയാണ് തൃശൂർ ഭാഗത്തേക്കും പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങളെല്ലാം കടന്നുപോകുന്നത്. എന്നാൽ വീതി കുറഞ്ഞ സർവീസ് റോഡുകൾ പൂർണമായും ടാറിംഗ് നടത്താത്തതിനാൽ ഇടയ്ക്കിടെ കുഴികളിൽ തള്ളുന്ന ക്വാറി വേസ്റ്റ് ഉണങ്ങും.
മഴയില്ലെങ്കിൽ വാഹനം പോകുമ്പോൾ ഉണങ്ങിയ ക്വാറിവേസ്റ്റിൽ നിന്നെല്ലാം പൊടിപൊങ്ങും. രണ്ടു ദിവസമായി മഴ മാറി നിൽക്കുന്നതിനാൽ സർവീസ് റോഡുകൾ നല്ല രീതിയിൽ ടാറിംഗ് നടത്തി വാഹന കുരുക്കിനും പൊടിശല്യത്തിനും പരിഹാരം കാണണമെന്നാണ് ആവശ്യം. മഴ പെയ്താൽ ചെളിനിറഞ്ഞ് മലമ്പ്രദേശത്തെ ഓഫ് റോഡ് പോലെയാകും ദേശീയ പാത.