ചേമ്പൻകുളത്തിനരികെ വാഹനപാർക്കിംഗ് തടയണമെന്ന് ആവശ്യം
1575380
Sunday, July 13, 2025 7:46 AM IST
തത്തമംഗലം: ചേമ്പൻകുളത്തിനു സമീപം അനധികൃത വാഹന പാർക്കിംഗ് തടയണമെന്ന് നാട്ടുകാർ. ചരക്കുകടത്തുവാഹനങ്ങൾ കുളത്തിനടുത്തായി നിർത്തുന്നത് ബണ്ട് തകർച്ചക്കു കാരണവുമെന്നതാണ് ആശങ്ക. കൂടുതൽ വാഹനങ്ങൾ ഈ സ്ഥലത്ത് നിർത്തിയിടുന്നത് പതിവായിരിക്കുകയാണ്.
പുതുനഗരം -ചിറ്റൂർ പ്രധാന പാതയെന്നതിൽ ഇടതടവില്ലാതെ വാഹനങ്ങൾ സഞ്ചരിക്കുന്ന പാതയിലാണ് അപകടക്കെണിയായി വാഹനങ്ങൾ നിർത്തിയിടുന്നത്. നിർത്തിയിടുന്ന വാഹനങ്ങൾ റോഡിന്റെ എതിർവശത്തേക്ക് അശ്രദ്ധമായി തിരിക്കുന്നത് മറ്റു വാഹനങ്ങൾക്ക് അപകടക്കെണിയാവുന്നുമുണ്ട്. മേട്ടുപ്പാളയം മുതൽ പള്ളി മൊക്ക് വരെ ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് അപകട മേഖലയാണ്. ഇത് കണക്കിലെടുത്താണ് ചെന്താമര ബൈപാസ് റോഡിന് ശ്രമങ്ങൾ നടന്നുവരുന്നത്.
ടൗൺ റോഡിൽ മുൻപ് നടന്ന വാഹന അപകടങ്ങളിൽ ഇരുപതോളം പേർക്ക് ജീവഹാനിയും സംഭവിച്ചിട്ടുണ്ട്. തൃശൂർ-പഴനി ഭാഗത്തേക്ക് വിനോദ, തീർഥാടനയാത്രയ്ക്ക് പുറമെ ചരക്കുവാഹനങ്ങളും രാപ്പകൽ സഞ്ചാരമുള്ള പാതയരികിലാണ് അനധികൃത വാഹന പാർക്കിംഗ്.