സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലേക്കു സ്ഫോടകവസ്തു എറിഞ്ഞയാൾ അറസ്റ്റിൽ
1575516
Monday, July 14, 2025 1:07 AM IST
മണ്ണാർക്കാട്: സിപിഎം മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസിലേക്കു സ്ഫോടകവസ്തു എറിഞ്ഞ പാർട്ടി പ്രവർത്തകനെ പോലീസ് പിടികൂടി.
കാരാകുറുശി പുല്ലശേരി കല്ലടി വീട്ടിൽ അഷറഫിനെ (33) യാണ് മണ്ണാർക്കാട് പോലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് പാർട്ടി ഓഫീസിന്റെ സമീപത്തെത്തി ഓഫീസിന്റെ മുന്‍പിലേക്ക് പടക്കം കത്തിച്ചെറിഞ്ഞത്.
മുൻ പാർട്ടി പ്രവർത്തകനാണ് അറസ്റ്റിലായ കല്ലടി അഷറഫ്. പ്രതി ഓഫീസിലെത്തി ഏരിയ സെക്രട്ടറിയുണ്ടോയെന്ന് അന്വേഷിച്ചു പുറത്തിറങ്ങിയശേഷം സ്ഫോടകവസ്തു എറിയുകയായിരുന്നു എന്നാണ് പറയുന്നത്.
വിവരം അറിഞ്ഞെത്തിയ മണ്ണാർക്കാട് സിഐ എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയും പ്രതിയെ പരിസരത്തു നിന്നുതന്നെ പിടികൂടുകയുമായിരുന്നു.
സമാധാന അന്തരീക്ഷം തകർക്കലും മനുഷ്യജീവനു ഭീഷണിയുണ്ടാക്കത്തക്കവിധത്തിലും പാർട്ടിയിൽ സംഘർഷമുണ്ടാകണമെന്ന ഉദേശത്തോടെ പടക്കം എറിഞ്ഞതിനാണ് കേസെടുത്തിരിക്കുന്നത്.
സിപിഎം ഏരിയ സെക്രട്ടറി എൻ.കെ. നാരായണൻകുട്ടി മണ്ണാർക്കാട് പോലീസിൽ നൽകിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
കോടതി ജാമ്യം അനുവദിച്ചു. ഇതിനെതിരേ ഇന്നലെ വൈകുന്നേരം മണ്ണാർക്കാട്ട് ടൗണിൽ സിപിഎം പ്രതിഷേധപ്രകടനം നടത്തി.