വിദ്യാർഥികൾക്കു സ്റ്റാർട്ട്അപ്പ് തുടങ്ങാൻ പൂർവവിദ്യാർഥികളുടെ ഒരുകോടി
1575525
Monday, July 14, 2025 1:07 AM IST
കോയന്പത്തൂർ: തുടിയലൂരിലെ വട്ടമലപാളയത്തുള്ള ശ്രീരാമകൃഷ്ണ എൻജിനീയറിംഗ് കോളജിൽ 2000ൽ ബിരുദം നേടിയ വിദ്യാർഥികളുടെ ഇരുപത്തിയഞ്ചാമത് രജതജൂബിലി സംഗമം കോളജ് പരിസരത്തു നടന്നു.
കഴിവുള്ള വിദ്യാർഥികളെ സ്റ്റാർട്ടപ്പ് സംരംഭകരാകാൻ സഹായിക്കുന്നതിനായി പൂർവവിദ്യാർഥികൾ കോളേജിന് ഒരുകോടിരൂപ സംഭാവന നൽകി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറ്റയിരുപത്തിയഞ്ചിലേറെ പൂർവവിദ്യാർഥികൾ കുടുംബത്തോടൊപ്പം പങ്കെടുത്തു.
വിദ്യാർഥി യൂണിയൻ പ്രസിഡന്റ് വീണ രമേശ് സ്വാഗതം പറഞ്ഞു. എസ്എൻആർ സൺസ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി ആർ. സുന്ദർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
രാമകൃഷ്ണ എൻജിനീയറിംഗ് കോളജും എസ്എൻആർ സൺസ് ചാരിറ്റബിൾ ട്രസ്റ്റും തങ്ങളുടെ 25 വർഷത്തെ വളർച്ച വിശദീകരിച്ചു.
കോളജ് പ്രിൻസിപ്പൽ എ. സൗന്ദരരാജൻ ഒരുകോടി രൂപയുടെ ചെക്ക് ചടങ്ങിൽ ഏറ്റുവാങ്ങി.
വിവിധ സ്കോളർഷിപ്പുകൾ സമ്മാനിക്കുന്നതിനു പൂർവവിദ്യാർഥി സംഘടന 20 ലക്ഷം രൂപയുടെ മറ്റൊരു ചെക്കും കൈമാറി. എസ്എൻആർ സൺസ് ചാരിറ്റബിൾ ട്രസ്റ്റ് കോളജ് സിഇഒ സി.വി. രാംകുമാർ, വിവിധ വകുപ്പു മേധാവികൾ, പ്രഫസർമാർ, പൂർവവിദ്യാർഥി സംഘടന ഭാരവാഹികൾ പ്രസംഗിച്ചു.