കുറവൻപാടി ഉണ്ണിമലയിൽ വീണ്ടും കാട്ടാനവിളയാട്ടം
1575830
Tuesday, July 15, 2025 2:02 AM IST
അഗളി: കുറവൻപാടി ഉണ്ണിമലയിൽ വീണ്ടും കാട്ടാന വിളയാട്ടം. ഞായറാഴ്ച പുലർച്ചെയെത്തിയ കാട്ടാന ഉണ്ണിമല ഇൻഫന്റ് ജീസസ് പള്ളിക്കും കുറവൻപാടി എസ്എച്ച് കോൺവന്റിന്റെയും സമീപത്തും കൃഷികൾ നശിപ്പിച്ചു. സമീപത്തെ നിരവധി കൃഷിത്തോട്ടങ്ങളിൽ നാശം വിതച്ചു.
മൂന്നാഴ്ച മുമ്പ് പ്രദേശത്തെ കൃഷിയിടങ്ങളിൽ സ്ഥിരം സന്ദർശകനായിരുന്നു കാട്ടാന. കൃഷിയോടൊപ്പം നിരവധി വാട്ടർ ടാങ്കുകളും ഹോസുകളും നശിപ്പിച്ച ശേഷം പുലിയറ പ്രദേശത്തേക്ക് കടന്നു. രണ്ടാഴ്ചയോളം പുലിയറയിൽ നാശം തീർത്തശേഷം എൻഎസ്എസ് കാട്ടിലേക്ക് മറഞ്ഞ കാട്ടാന വീണ്ടും ഉണ്ണിമലയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മഴയിൽ കുതിർന്ന മണ്ണിലൂടെ ചവിട്ടിനടന്ന് വൻ കൃഷിനാശം ആണ് സംഭവിക്കുന്നത്.
മാസങ്ങളായി പ്രദേശത്ത് കണക്കറ്റ നാശനഷ്ടമാണ് കാട്ടാനകൾ വിതയ്ക്കുന്നത്. കർഷകരെ കാട്ടാനയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ ഒരു നടപടിയും എടുക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. കർഷകരുടെ പരാതിക്ക് കാത്തുനിൽക്കാതെ വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി നാശനഷ്ടത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.