ഇടതു സർക്കാരിന്റെ നിലനിൽപ്പ് ഇനി മാസങ്ങൾ മാത്രം: കെ.സി. വേണുഗോപാൽ
1575515
Monday, July 14, 2025 1:07 AM IST
വടക്കഞ്ചേരി: ജനത്തിനു ദുരിതംമാത്രം സമ്മാനിക്കുന്ന സംസ്ഥാന സർക്കാരിനെ താഴെയിറക്കാൻ ജനം കാത്തിരിക്കുകയാണെന്നും അതിന്റെ തുടക്കമാണ് നിലമ്പൂരിൽ കണ്ടതെന്നും എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
കിഴക്കഞ്ചേരിയിൽ കോൺഗ്രസിന്റെ മണ്ഡലം കമ്മിറ്റി ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദേഹം.
സർവ മേഖലയിലും സംസ്ഥാന സർക്കാർ പരാജയമാണ്. രൂക്ഷമായ വിലക്കയറ്റം, യുവാക്കൾക്കു അവരുടെ യോഗ്യതക്കനുസരിച്ചുള്ള തൊഴിലില്ല, കീമിൽ പരിഷ്കരണം നടത്തി ഒടുവിലിപ്പോൾ വിദ്യാർഥികളെയും സർക്കാർ കഷ്ടപ്പെടുത്തി.
സർക്കാരിന്റെ ഇത്തരം ജനദ്രോഹ നടപടികൾ താഴെ തട്ടിലെത്തിയാൽപിന്നെ ഇടതുസർക്കാരിന് നിലനില്പില്ല. മാസങ്ങളുടെ ആയുസ് മാത്രമാണ് സംസ്ഥാന സർക്കാരിനുള്ളത്.
സിപിഎം ഓഫീസ് പോലെയാകരുത് കോൺഗ്രസ് ഓഫീസെന്നും അവിടെ എല്ലാവർക്കും കടന്നുവന്ന് സങ്കടങ്ങളും ആവശ്യങ്ങളും വന്നുപറയാനുള്ള സൗകര്യമുണ്ടാകണമെന്നും അദേഹം പറഞ്ഞു.
ഗവർണർ തന്റെ പദവി മനസിലാക്കി നിലപാടെടുക്കണമെന്നും സംസ്ഥാനത്തിനുതന്നെ നാണക്കേടാവുകയാണ് ഗവർണറെന്നും അദേഹം കുറ്റപ്പെടുത്തി. ഉദ്ഘാടന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് സി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ, വി. കെ. ശ്രീകണ്ഠൻ എംപി, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, കെപിസിസി സെക്രട്ടറി പ്രഫ.കെ.എ. തുളസി, മുൻ എംപിമാരായ രമ്യ ഹരിദാസ്, വി.എസ്. വിജയരാഘവൻ, മുൻമന്ത്രി വി.സി. കബീർ മാസ്റ്റർ, ഡിസിസി മുൻ പ്രസിഡന്റ് സി.വി. ബാലചന്ദ്രൻ, സി. പ്രകാശ്, വി. സുദർശനൻ, കെപിസിസി മെംബർ പാളയം പ്രദീപ്, ഡിസിസി സെക്രട്ടറി ഡോ. അർസലൻ നിസാം, കിഴക്കഞ്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. ശ്രീനിവാസൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.വി. കണ്ണൻ, ബാബു പോൾ പ്രസംഗിച്ചു.
വടക്കഞ്ചേരി തങ്കം ജംഗ്ഷനിൽനിന്നും ബൈക്ക് റാലിയോടെയാണ് വേണുഗോപാലിനെ കിഴക്കഞ്ചേരിയിലേക്കു സ്വീകരിച്ചത്.