കരിന്പുഴയിലെ കൃഷിയിടങ്ങളിൽ കാട്ടാനയുടെ താണ്ഡവം
1575521
Monday, July 14, 2025 1:07 AM IST
നെന്മാറ: രണ്ടുദിവസമായി കരിമ്പാറയിലെ കൃഷിയിടങ്ങളിൽ താണ്ഡവമാടി കാട്ടാനകൾ. കോപ്പംകുളമ്പ്, വടക്കൻചിറ, പൂഞ്ചേരി, കൽചാടി മേഖലകളിലെ കൃഷിയിടങ്ങളിലാണ് വ്യാപകമായി കൃഷിനാശം വരുത്തിയത്.
ശനിയാഴ്ച കൽച്ചാടിവഴി വന്ന കാട്ടാന കോപ്പൻകുളമ്പിൽ എം. മോഹൻദാസ്, വേവലാക്ഷകുമാർ, വത്സൻ എന്നിവരുടെ വീട്ടുവളപ്പിലെ വിവിധ ഇടങ്ങളിലായി മൂന്നു തെങ്ങുകളും വാഴകളും ഫലവൃക്ഷങ്ങളും വേലികളും വ്യാപകമായി നശിപ്പിച്ചു.
വനംജീവനക്കാരെ അറിയിച്ചതിനെ തുടർന്ന് ശനിയാഴ്ച രാത്രിയോടെ പടക്കംപൊട്ടിച്ച് കാട്ടാനയെ തുരത്താൻ പടക്കം പൊട്ടിച്ച് ഉൾക്കാട്ടിലേക്കു കയറ്റാൻ ശ്രമം നടത്തിയെങ്കിലും, വനമേഖലയിലെ ചള്ള ഭാഗത്തുകൂടെ പൂഞ്ചേരി ഭാഗത്തിറങ്ങി നാശം വരുത്തുകയായിരുന്നു.
രാത്രി മരുതഞ്ചേരി ഷാജഹാന്റെ പൂഞ്ചേരിയിലെ കൃഷിയിടത്തിൽ ഒന്പത് തെങ്ങുകളും12 കമുകുകളും ഇരുമ്പുവേലിയും ആറു വേലിക്കാലുകളും നശിപ്പിച്ചു. നെന്മാറ വനംഡിവിഷനിലെ തിരുവഴിയാട് സെക്്ഷനിൽപെട്ട കരിമ്പാറ മേഖലയിയിൽ തുടർച്ചയായി കാട്ടാനകൾ കൃഷിനാശമുണ്ടാക്കിയിട്ടും മേഖലയിൽ ആർആർടി സംഘത്തെ വനംവകുപ്പ് ഈ പ്രദേശങ്ങളിൽ നിലനിർത്തിയില്ല. കർഷകർ ആവശ്യപ്പെടുമ്പോൾ രാത്രി വനമേഖലയോടുചേർന്ന് പടക്കംപൊട്ടിച്ച് വാച്ചർമാർ മടങ്ങുന്നതിനപ്പുറം മറ്റുനടപടികളൊന്നും നടത്തുന്നില്ലെന്നു ആക്ഷേപം ഉയരുന്നു.
വൈദ്യുതവേലിയും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. നബാർഡ് പദ്ധതിയായി മേഖലയിൽ പ്രഖ്യാപിച്ച തൂക്കുവേലിയുടെ നിർമാണവും മന്ദഗതിയിലാണ് നടക്കുന്നത്.