ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ പഴക്കമുള്ള കെട്ടിടങ്ങൾ നീക്കംചെയ്യും
1576100
Wednesday, July 16, 2025 1:27 AM IST
ഷൊർണൂർ: ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ കാലപ്പഴക്കംചെന്ന മുഴുവൻ കെട്ടിടങ്ങളും പൊളിച്ചുനീക്കാൻ തീരുമാനം. സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായിട്ടാണ് പ്ലാറ്റ്ഫോമുകളിലേതടക്കമുള്ള പഴയ കെട്ടിടങ്ങൾ മുഴുവൻ പൊളിച്ചു മാറ്റാൻ റെയിൽവേ തീരുമാനിച്ചത്.
റെയിൽവേ സ്റ്റേഷനിലെ 4, 5, 6 പ്ലാറ്റ്ഫോമുകളിലുള്ള പഴയ കെട്ടിടങ്ങളാണു ഇതിൽ പ്രധാനം. നിലവിലെ കെട്ടിടങ്ങളിലെ വിവിധ ഓഫീസുകൾ, മുമ്പ് ആർഎംഎസ് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്കു മാറ്റും. യാത്രക്കാർക്കു കൂടുതൽ സൗകര്യം ഒരുക്കാനാണു കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതെന്നു റെയിൽവേ പറയുന്നു.
പൊളിച്ചു മാറ്റുന്ന ഭാഗങ്ങളിൽ യാത്രക്കാർക്കു കൂടുതൽ ഇരിപ്പിടങ്ങൾ ഒരുക്കും. കച്ചവട സ്റ്റാളുകളും വർധിപ്പിക്കും. മൂന്നു പ്ലാറ്റ്ഫോമുകളിൽ പത്തിലധികം മുറികളാണു പഴയ കെട്ടിടത്തിലുള്ളത്. കെട്ടിടങ്ങൾ നീക്കുന്നതോടെ പ്ലാറ്റ്ഫോമുകളുടെ വീതിയും വർധിക്കും.
4, 5 പ്ലാറ്റ്ഫോമുകളിൽ ഇരുഭാഗത്തും കെട്ടിടങ്ങളുള്ളതിനാൽ യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യം കുറവാണ്. 6, 7 പ്ലാറ്റ്ഫോമുകളിൽ മാത്രമാണു പഴയ കെട്ടിടങ്ങളുടെ എണ്ണം കുറവുള്ളത്.
ആർഎംഎസ് ഓഫിസ് സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തിൽ തന്നെ ഇത്രയധികം ഓഫിസുകൾക്കു സൗകര്യങ്ങളുണ്ട്. ഷൊർണൂർ റെയിൽവേ പോലീസ് സ്റ്റേഷനു മറ്റൊരു കെട്ടിടം ആവശ്യപ്പെട്ടെങ്കിലും റെയിൽവേ ആവശ്യം അംഗീകരിച്ചില്ല.
പ്ലാറ്റ്ഫോം നവീകരണം പൂർത്തിയാകുന്നതോടെ യാത്രക്കാർക്കു കൂടുതൽ സൗകര്യങ്ങൾ ഒരുങ്ങും എന്നാണു റെയിൽവേ പറയുന്നത്. കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളാണ് ഷൊർണൂരിൽ നടപ്പാക്കി വരുന്നത്.