ശിരുവാണി മുത്തികുളം ഉന്നതി ഒറ്റപ്പെടുന്നു
1576110
Wednesday, July 16, 2025 1:27 AM IST
പാലക്കയം: ഷോളയൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ മുത്തികുളം ഉന്നതി റോഡിന്റെ ശോചനീയാവസ്ഥമൂലം ഒറ്റപ്പെടുന്നു. ആദിവാസി വിഭാഗത്തിലെ മുഡുക സമുദായം താമസിക്കുന്ന മുത്തികുളം ഉന്നതിയിലേക്ക് എത്താൻ പാലക്കയത്ത് നിന്നും 13 കിലോമീറ്റർ ദൂരമുണ്ട്. ഇഞ്ചിക്കുന്നിലുള്ള ഫോറസ്റ്റ് ചെക്ക്പോസ്റ്റിനു ശേഷമുള്ള വനത്തിനുള്ളിലൂടെയുള്ള എട്ടു കിലോമീറ്റർ ദൂരം നടന്നുപോകുവാൻ പോലും കഴിയാത്ത വിധം തകർന്നിരിക്കുകയാണ്.
ഉന്നതിയിൽ താമസിക്കുന്നവർക്ക് നിത്യോപയോഗ സാധനങ്ങളും റേഷൻ സാധനങ്ങളും വാങ്ങണമെങ്കിൽ പാലക്കയത്തുള്ള ഓട്ടോ-ടാക്സികളെ ആശ്രയിക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ല.
റോഡിന്റെ ദുരവസ്ഥ മൂലം ഓട്ടോ, ടാക്സി ഡ്രൈവർമാർ സവാരി പോകുവാനും ഇപ്പോൾ തയ്യാറാകുന്നില്ല. രോഗം വന്ന് ആശുപത്രിയിൽ പോകേണ്ട സാഹചര്യം ഉണ്ടായാൽ എന്തു ചെയ്യണമെന്ന് പോലും അറിയാൻ കഴിയാത്ത അവസ്ഥയിലാണ്.
ജലസേചനവകുപ്പിന്റെ കൈവശമുള്ള റോഡ് എത്രയും പെട്ടെന്ന് യാത്രായോഗ്യമാക്കി തരണമെന്ന് ആവശ്യപ്പെട്ട് ഉന്നതിയിൽ ഉള്ളവർ നാലുമാസം മുന്പ് വകുപ്പിന്റെ വാഹനങ്ങൾ ഉപരോധിച്ചിരുന്നു.
പക്ഷേ ഇതുവരേയും ഒരു നടപടിയും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല. 40 കുടുംബങ്ങളാണ് ഉന്നതിയിൽ താമസിക്കുന്നത്. എത്രയും പെട്ടെന്ന് റോഡ് യാത്രായോഗ്യമാക്കണമെന്ന് മുത്തികുളം ഉന്നതിയിലുള്ളവർ ആവശ്യപ്പെട്ടു.