ചിറ്റൂർ എംഎൽഎ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്
1576106
Wednesday, July 16, 2025 1:27 AM IST
ചിറ്റൂർ: ഉത്തരവാദിത്ത നിർവഹണത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി പൂർണപരാജയമെന്ന് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ. അനർട്ടിലെ കോടികളുടെ അഴിമതിയ്ക്കു നേതൃത്വം നൽകുന്ന മന്ത്രി കൃഷ്ണൻകുട്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ചിറ്റൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ എംഎൽഎ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഊർജവകുപ്പിൽ അഴിമതിയല്ലാതെ മറ്റൊന്നും ചെയ്യാൻ കൃഷ്ണൻകുട്ടിയ്ക്ക് സാധിച്ചിട്ടില്ല. ഭരണത്തിന്റെ അവസാന ലാപ്പിൽ കടുംവെട്ടാണ് നടത്തുന്നത്. കർഷകരെയും അദിവാസികളെയും മറയാക്കി കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടത്തികൊണ്ടിരിക്കുന്നത്. ഈ വിഷയത്തിൽ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ മന്ത്രി രാജിവെക്കാതെ സമരങ്ങൾ അവസാനിക്കില്ല. യൂത്ത്കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ. സാജൻ അധ്യക്ഷനായി.
ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, കെ.എസ്. തണികാചലം, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പ്രതീഷ് മാധവൻ, ഷഫീക് അത്തിക്കോട്, എൻ. ജിതേഷ്, എ. ഷഫീക്ക്, പി.വി. വത്സൻ തുടങ്ങിയവർ പ്രസംഗിച്ചു. അണിക്കോട് മൊക്കിൽ നിന്നാരംഭിച്ച മാർച്ച് താലൂക്ക് ആശുപത്രിയുടെ മുന്നിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.
ബാരിക്കേഡ് മറികടന്ന പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റ്ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ടു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. അറസ്റ്റ് ചെയ്ത നേതാക്കളെ വിട്ടയക്കുന്നതുവരെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.