ഒറ്റപ്പാലം നഗരസഭാ കൗൺസിൽ യോഗം ബഹിഷ്കരിച്ച് യുഡിഎഫും ബിജെപിയും
1576103
Wednesday, July 16, 2025 1:27 AM IST
ഒറ്റപ്പാലം: അടിയന്തര നഗരസഭ കൗൺസിൽ യോഗം വിളിച്ചു ചേർത്തതിന്റെ അജണ്ട നൽകിയില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസത്തെ യോഗത്തിൽ ബഹളവും ഇറങ്ങിപ്പോക്കും.
അടിയന്തര കൗൺസിൽയോഗം വിളിച്ചു ചേർത്തത് എന്തിനാണെന്ന് അറിയില്ലെന്നും അജണ്ടകൾ അറിയണമെന്നും ആവശ്യപ്പെട്ട് ബിജെപി കക്ഷി നേതാവ് എസ്. ഗംഗാധരൻ നടുത്തളത്തിൽ ഇറങ്ങിയതോടെയാണ് ബഹളം ആരംഭിച്ചത്. ഇതോടുകൂടി യുഡിഎഫ് അംഗങ്ങളും ബഹളംവച്ചു. ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള വാക്പോരായി ഇതുമാറി. ഇതോടുകൂടി യുഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. ബിജെപിയും കനത്ത പ്രതിഷേധം രേഖപ്പെടുത്തി. വാർഷിക പദ്ധതി, സ്പിൽ ഓവർ പദ്ധതികളുടെ ഭേദഗതിയുമായി ബന്ധപ്പെട്ടാണ് ഒറ്റപ്പാലം നഗരസഭ കൗൺസിൽ യോഗം ചേർന്നത്.
യോഗത്തിൽ നിയമനുസൃതമുള്ള നടപടികൾ പൂർത്തിയാക്കാതെ അജണ്ട വയ്ക്കുകയും ഭേദഗതി അജണ്ട രേഖമൂലം നൽകാതിരിക്കുകയും ചെയ്തതാണ് പ്രശ്നകാരണമെന്നു പ്രതിപക്ഷം പറയുന്നു. രേഖാമൂലം വിയോജിപ്പുനൽകി ബിജെപിയും കൗൺസിൽ യോഗം ബഹിഷ്കരിച്ചു.
നിയമാനുസൃതം അല്ലാത്ത കൗൺസിൽ അജണ്ട അംഗീകരിക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ടു ബിജെപി കൗൺസിലർമാർ ജോയിന്റ് ഡയറക്ടർക്കും, ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്.