മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കുന്നു; ഒന്നാംഘട്ട പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ
1576393
Thursday, July 17, 2025 1:02 AM IST
പാലക്കാട്: ജില്ലയിൽ ചിറ്റൂർ, എരുത്തേന്പതി പഞ്ചായത്തിലെ ദീർഘകാല ജലക്ഷാമത്തിന് പരിഹാരമായി മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കലിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. മഴനിഴൽ പ്രദേശങ്ങളിലേക്ക് കുടിവെള്ളവും കാർഷികാവശ്യങ്ങൾക്കുള്ള ജലവും എത്തിക്കുകയാണ് ലക്ഷ്യം. കോരയാർ മുതൽ വരട്ടയാർ വരെ 6.43 കിലോമീറ്റർ ദൂരത്തിൽ 10 മീറ്റർ വീതിയിലാണ് കനാൽ ദീർഘിപ്പിക്കുന്നത്.
പദ്ധതി പൂർത്തിയാവുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക സൂക്ഷ്മ ജലസേചനമാർഗമാണ് യാഥാർഥ്യമാകുക. ഡ്രിപ്പ് ഇറിഗേഷൻവഴി 70 ശതമാനം ജലം ലാഭിക്കാനും വിളവ് ഇരട്ടിയാക്കാനും ഉയരംകൂടിയ ഭാഗങ്ങളിൽ ലിഫ്റ്റ് ഇറിഗേഷൻ വഴി വെള്ളമെത്തിച്ച് 3575 ഹെക്ടർഭൂമിയിൽ സുസ്ഥിര ജലസേചനം ഉറപ്പാക്കാനും സാധിക്കും.
മൂലത്തറ വലതുകര കനാലിന്റെ രണ്ടാംഘട്ട ദീർഘിപ്പിക്കൽ പ്രവർത്തനങ്ങളും ഇതിനകം ആരംഭിച്ചിട്ടുണ്ട്. വരട്ടയാർ മുതൽ വേലന്താവളം വരെയുള്ള 8.2 കിലോമീറ്റർ ദൂരത്തിൽ10 മീറ്റർ വീതിയിലാണ് സ്ഥലമേറ്റെടുക്കൽ പുരോഗമിക്കുന്നത്. കിഫ്ബിയിൽ നിന്ന് 262.10 കോടിയുടെ ഭരണാനുമതി പ്രവർത്തനത്തിന് ലഭിച്ചിട്ടുണ്ട്.
ജലവിഭവ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനാണ് പദ്ധതിയുടെ നിർമാണ മേൽനോട്ടം. കെ.കെ. കണ്സ്ട്രക്ഷനാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. കനാലിന്റെ രൂപകൽപ്പനയിൽ വ്യത്യസ്ത രീതികൾ ഉൾപ്പെടുന്നു. വർഷത്തിൽ1000 മില്ലിമീറ്ററിൽതാഴെ മാത്രം മഴ ലഭിക്കുന്ന പ്രദേശങ്ങളിലേക്ക് ജലമെത്തിക്കുകയാണ് കനാൽ ദീർഘിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. നിലവിലുള്ള ചെക്ക്ഡാമുകളിലേക്കും കോരയാറിലെയും വരട്ടയാറിലെയും നൂറു വർഷത്തിലേറെ പഴക്കമുള്ള കല്യാണകൃഷ്ണയ്യർ സിസ്റ്റം, പോൾസൂസ സിസ്റ്റം എന്നിവയുൾപ്പെടെ പത്തിലേറെ ജലസേചന സംവിധാനങ്ങളെ ഈ പദ്ധതിയിലേക്ക് സംയോജിപ്പിക്കും.
പദ്ധതി പൂർണമാകുന്നതോടെ പാലക്കാടിന്റെ കാർഷിക മേഖലയിൽ വലിയമാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.