വനംവകുപ്പിന്റെ മുള നട്ടുപിടിപ്പിക്കൽ; കർഷകസംഘടനകൾ പ്രതിഷേധിച്ചു
1576394
Thursday, July 17, 2025 1:02 AM IST
നെന്മാറ: അയിലൂർ പഞ്ചായത്തിലെ മരുതംചേരി, പൂഞ്ചേരി, കൽച്ചാടി തുടങ്ങിയ പ്രദേശങ്ങളിൽ വനംവകുപ്പ് മുള നട്ടുപിടിപ്പിക്കുന്നതിലുള്ള ആശങ്ക അറിയിച്ചുകൊണ്ട് ഭൂസംരക്ഷണസമിതിയുടെയും കിഫയുടെയും നേതൃത്വത്തിൽ കർഷക സംഘടനകൾ നെന്മാറ ഡിഎഫ്ഒ ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചു.
കഴിഞ്ഞ കുറെ മാസങ്ങളായി നിരന്തരം ആന ഇറങ്ങി കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ പ്രദേശങ്ങളിൽ ആനയ്ക്ക് ആഹാരമെന്ന നിലയിൽ വനം വകുപ്പ് മുള വച്ചുപിടിപ്പിക്കുന്നത് ഈ പ്രദേശത്തെ ആന ശല്യത്തെ വർധിപ്പിക്കുക മാത്രമേയുള്ളൂവെന്ന് കർഷകർ ആരോപിച്ചു.
കഴിഞ്ഞദിവസവും കാട്ടാന ഇറങ്ങി ഈ പ്രദേശങ്ങളിൽ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. വനംവകുപ്പിന്റെ നേതൃത്വത്തിൽ രണ്ടായിരത്തോളം മുളതൈകൾ ആണ് ഈ പ്രദേശത്തു നട്ടുപിടിപ്പിക്കുന്നത്.
ഉൾക്കാട്ടിൽ ചെയ്യേണ്ട ഇത്തരം പ്രവൃത്തികൾ ജനവാസ മേഖലയ്ക്ക് സമീപത്ത് ചെയ്യുന്നത് വന്യമൃഗശല്യം വർധിക്കുന്നതിന് കാരണമാകും എന്നതിനാൽ മുള നട്ടുപിടിപ്പിക്കുന്നത് ഉൾക്കാട്ടിലേക്ക് നീക്കി ചെയ്യണമെന്ന് കർഷകർ ആവശ്യപ്പെട്ടു. തുടർന്ന് ഇത്തരം പദ്ധതികൾ ജനവാസമേഖലയ്ക്ക് അടുത്ത് നടപ്പിലാക്കരുതെന്ന് കർഷകസംഘടനകൾ ആവശ്യപ്പെട്ടു. നെന്മാറ ഡിഎഫ്ഒ പ്രവീണുമായുള്ള ചർച്ചയിൽ നാളെമുതൽ ഉൾക്കാട്ടിലേക്ക് നീക്കി മുള നട്ടുപിടിപ്പിക്കാൻ നിർദേശം നൽകാമെന്നും തുടർന്നുള്ള പ്രവൃത്തികൾ കർഷകരെ കൂടി അറിയിച്ച് ചെയ്യാമെന്നും അറിയിച്ചു.
ഭൂസംരക്ഷണ സമിതി ചെയർമാൻ കെ.ജി. എൽദോ, ജനറൽ കൺവീനർ എസ്.എം. ഷാജഹാൻ, കിഫ ജില്ലാ സെക്രട്ടറി അബ്ബാസ് ഒറവഞ്ചിറ, ട്രഷറർ രമേഷ് ചേവക്കുളം, കർഷക സംഘടന നേതാക്കളായ വി.പി. രാജു, ഐസക് വള്ളോംപറമ്പിൽ, ശ്രീജിത്ത് കല്യാണകണ്ടം, പ്രദീപ് നെന്മാറ, പി.ജെ. അബ്രഹാം, അബ്ദുൾ റഹ്മാൻ, ബലേന്ദ്രൻ കരിമ്പാറ, ടി.സി. ജിബു, എസ്. കാസിം, വൈ. അക്ബർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു നെന്മാറ ഡിഎഫ്ഒ യുമായി ചർച്ച നടത്തിയത്.