മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പൊളിക്കുന്നതിനു ഹൈക്കോടതിവിലക്ക്
1576396
Thursday, July 17, 2025 1:02 AM IST
ഒറ്റപ്പാലം: നഗരസഭയുടെ പഴയ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പൊളിച്ചുനീക്കാനുള്ള നഗരസഭയുടെ തീരുമാനത്തിന് തിരിച്ചടി. കെട്ടിടം പൊളിക്കാനുള്ള തീരുമാനം ഹൈക്കോടതി വിലക്കി. യാതൊരുവിധത്തിലുള്ള കേടുപാടുകളും ഇല്ലാത്ത കെട്ടിടം രാഷ്ട്രീയ വിരോധത്തിന്റെ പേരിലാണ് പൊളിച്ചു നീക്കാൻ നഗരസഭ ശ്രമിക്കുന്നതെന്ന കച്ചവടക്കാരുടെ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടായത്.
കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന തരത്തിലുള്ള റിപ്പോർട്ട് നൽകണമെന്ന് പരിശോധന നടത്തിയ തൃശൂരിലെ എൻജിനീയറിംഗ് കോളജിനോട് ചില ബാഹ്യശക്തികൾ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടം പൊളിക്കാൻ അനുകൂലമായി റിപ്പോർട്ട് നൽകിയതെന്ന് കച്ചവടക്കാർ ആരോപിക്കുന്നു. കോളജിന്റെ പരിശോധനാ റിപ്പോർട്ടിൽ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി മറ്റൊരു വിദഗ്ധ ഏജൻസിയെ കൊണ്ട് കെട്ടിടം പരിശോധിപ്പിക്കണമെന്നും ഉത്തരവിട്ടതായി കച്ചവടക്കാർ വ്യക്തമാക്കി.
കെട്ടിടത്തിൽ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾക്ക് നേരത്തെ ഒറ്റപ്പാലം നഗരസഭ നോട്ടീസ് നൽകിയിരുന്നു. കെട്ടിടം പൊളിക്കാൻ സർക്കാർ അനുമതി നൽകിയതിനു പിന്നാലെയാണ് കോടതിയുടെ ഇടപെടൽ ഉണ്ടായത്. ഏഴ് ദിവസത്തിനകം ഒഴിയണമെന്നായിരുന്നു നിർദേശം. കടമുറിയുടെ താക്കോൽ കൈമാറണമെന്നും വാടകക്കുടിശികയുണ്ടെങ്കിൽ അത് അടച്ചുതീർക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ 17 കടയുടമകളാണ് ഹൈക്കോടതിയെ സമീപിച്ചത്.