ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാൻഡിൽ ഇനിയൊരു അപകടമുണ്ടാകരുത്: മനുഷ്യാവകാശ കമ്മീഷൻ
1576996
Saturday, July 19, 2025 1:27 AM IST
പാലക്കാട്: ഒറ്റപ്പാലം നഗരസഭാ ബസ് സ്റ്റാന്റിൽ ഇനിയൊരു അപകടം ഉണ്ടാകാതിരിക്കാനുള്ള കർശന നടപടികൾ നഗരസഭ സെക്രട്ടറി സ്വീകരിക്കണമെന്നും മാസത്തിലൊരിക്കൽ നഗരസഭ അധികൃതരും ഒറ്റപ്പാലം സ്റ്റേഷൻ ഹൗസ് ഓഫീസറും ബസ് സ്റ്റാന്റ് സന്ദർശിച്ച് നഗരസഭ നൽകിയ നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
കഴിഞ്ഞ വർഷം മാർച്ച് 30 ന് ബസ് സ്റ്റാന്റിൽ അമിതവേഗതയിൽ അശ്രദ്ധമായെത്തിയ ബസിടിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഉത്തരവ്. മേയ് 29 ന് കമ്മീഷൻ പാലക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടത്തിയ സിറ്റിംഗിൽ നഗരസഭ അസിസ്റ്റന്റ് സെക്രട്ടറി ഹാജരായി.
പരാതിയിൽ പറയുന്ന അപകടത്തിന് ശേഷം നഗരസഭ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നു. ബസുകളുടെ അമിതവേഗം തടയാൻ റബർ ഹംബ് നിർമിച്ചതായി അസിസ്റ്റന്റ് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
ദിശാബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ബസ് സ്റ്റാന്റ് യാർഡിൽ പ്രവേശിക്കാതെതന്നെ ബസിൽ കയറുന്നതിനും മറ്റുമായി കടമുറികളുടെ വരാന്തയ്ക്ക് അഭിമുഖമായി ബസുകൾ പാർക്ക് ചെയ്യുന്നതിന് പുനഃക്രമീകരണം എർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർ യാർഡിൽ നേരിട്ട് പ്രവേശിക്കാതിരിക്കാൻ ഡിവൈഡറുകൾ സ്ഥാപിച്ചു. ദീർഘദൂര ബസുകൾക്ക് സ്റ്റാന്റിന്റെ തെക്കേയറ്റത്ത് പാർക്കിംഗ് സൗകര്യം നൽകി.
യാർഡിൽ വണ്‍വേ സംവിധാനം ഒരുക്കിയിട്ടുണ്ട്. പോലീസ് നിരീക്ഷണം ഉൗർജിതമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഒറ്റപ്പാലം നഗരസഭ കൗണ്‍സിലർ സി. സജിത്ത് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.