തിരുവിഴാംകുന്ന് ഫാമിലെ മരംമുറി വിവാദം: കോടതിയെ സമീപിക്കുമെന്നു കോൺഗ്രസ്
1576728
Friday, July 18, 2025 5:04 AM IST
മണ്ണാർക്കാട്: തിരുവിഴാംകുന്ന് ഫാമിലെ മരംമുറി വിവാദത്തിൽ കോടതിയെ സമീപിക്കുമെന്നു കോൺഗ്രസ് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
സംഭവത്തിൽ വൻഅഴിമതി നടത്തിയിട്ടുണ്ടെന്ന് കോൺഗ്രസ് ആദ്യം മുതലേ പറയുന്നതാണ്. ഇതിന് ഉത്തരവാദികളായവരെ സഹായിക്കുന്നതിനായി സർക്കാർ അനുകൂല സംഘടനകൾ ശ്രമിക്കുന്നതായും നേതാക്കൾ ആരോപിച്ചു. സംഭവം വിവാദമായതോടെ വെറ്ററിനറി യൂണിവേഴ്സിറ്റി ആദ്യം നടത്തിയ അന്വേഷണത്തിൽ 69 മരങ്ങൾ മുറിച്ചുമാറ്റിയിട്ടുണ്ടെന്ന് കണ്ടെത്തിയതാണ്. ഫാമിലെ ഏഴ് ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്നും കണ്ടെത്തിയിരുന്നു.
സർക്കാറിന് സംഭവിച്ച സാമ്പത്തികനഷ്ടം ഇവർ നികത്തണമെന്നും അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പിന്നീട് റിപ്പോർട്ടിൽ പറയുന്ന അഞ്ചുപേർക്കെതിരെ നടപടിയെടുത്തു. എന്നാൽ രണ്ടുപേർക്കെതിരെ ഇപ്പോഴും ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരെത്തുമ്പോൾ ആവശ്യമായ രേഖകൾ നൽകുന്നത് ഈ രണ്ടു ഉദ്യോഗസ്ഥരാണ്. പിന്നെ എങ്ങനെയാണ് സുതാര്യമായ അന്വേഷണം നടക്കുകയെന്നു നേതാക്കൾ ചോദിച്ചു.
കൂടാതെ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിനായി യൂണിവേഴ്സിറ്റി രണ്ടാമത് നടത്തിയ അന്വേഷണത്തിൽ 11 മരങ്ങൾ മാത്രമാണ് ഫാമിൽനിന്ന് നഷ്ടപ്പെട്ടിട്ടുള്ളൂവെന്നാണ് റിപ്പോർട്ട്.
ഇത് അംഗീകരിക്കാനാവില്ലെന്നും സത്യം പുറത്തുകൊണ്ടുവരാൻ കോടതിയെ സമീപിക്കുമെന്നും നേതാക്കൾ പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, സി.ജെ. രമേഷ്, ഷിഹാബ്, ഹമീദ് മണലടി, ഉമ്മർ മനച്ചിതൊടി, പി.പി. ഏനു, എ. ശിവദാസൻ എന്നിവർ പങ്കെടുത്തു.