ശുചിത്വത്തിൽ ജില്ലയ്ക്ക് അഭിമാനനേട്ടം: നഗരസഭകൾക്കു ദേശീയ റാങ്കിംഗിൽ കുതിപ്പ്
1576994
Saturday, July 19, 2025 1:27 AM IST
പാലക്കാട്: കേന്ദ്ര നഗരപാർപ്പിട മന്ത്രാലയം നടത്തുന്ന സ്വച്ഛ് സർവേക്ഷണിൽ ജില്ലയിലെ നഗരസഭകൾ മികച്ച മുന്നേറ്റം. നഗരങ്ങളുടെ ശുചിത്വ നിലവാരം അളക്കുന്ന ഈ ദേശീയ സർവേയിൽ കഴിഞ്ഞ വർഷത്തെക്കാൾ മികച്ച റാങ്കുകൾ നേടിയാണ് പാലക്കാട് ജില്ല സംസ്ഥാനത്തിന് മാതൃകയായത്.
ശുചിത്വമിഷന്റെ നേതൃത്വത്തിൽ ജില്ലാതലത്തിൽ നടപ്പാക്കിയ സമഗ്ര ശുചിത്വ പ്രവർത്തനങ്ങളാണ് ഈ ശ്രദ്ധേയമായ നേട്ടത്തിന് പിന്നിൽ. കഴിഞ്ഞ വർഷം 3697 ാം സ്ഥാനത്തായിരുന്ന ഷൊർണൂർ നഗരസഭ ഇത്തവണ ദേശീയ റാങ്കിംഗിൽ 108 ാം സ്ഥാനത്തായി.
4160 ാം സ്ഥാനത്തുണ്ടായിരുന്ന ചെർപ്പുളശേരി നഗരസഭ 161 ാം സ്ഥാനത്തും 3724 ാം സ്ഥാനത്തുണ്ടായിരുന്ന പട്ടാന്പി നഗരസഭ 221 ാം സ്ഥാനവും നേടി. പാലക്കാട് നഗരസഭ (3369 ൽ നിന്ന് 338 ലേക്ക്), ഒറ്റപ്പാലം നഗരസഭ (3611 ൽ നിന്ന് 380 ലേക്ക്), മണ്ണാർക്കാട് നഗരസഭ (3004 ൽ നിന്ന് 625 ലേക്ക്), ചിറ്റൂർ-തത്തമംഗലം നഗരസഭ (4036 ൽ നിന്ന് 1289 ലേക്ക്) എന്നിവയും റാങ്കിംഗിൽ ഗണ്യമായ പുരോഗതി രേഖപ്പെടുത്തി.
നഗരസഭകളുടെ റാങ്കിംഗ് മെച്ചപ്പെടുത്തുന്നതിൽ ശുചിത്വ മിഷൻ നിർണായക പങ്കുവഹിച്ചു. പ്രീഅസസ്മെന്റ് സർവേയിൽ കണ്ടെത്തിയ മാലിന്യപ്ലാന്റുകളുമായി ബന്ധപ്പെട്ട രേഖകളുടെ കുറവ് പൊതുയിടങ്ങളിലും ജലാശയങ്ങളിലും ബിന്നുകളുടെയും വിവര ബോർഡുകളുടെയും അഭാവം, പൊതു ശുചിമുറികളിലെ ശുചിത്വക്കുറവ് തുടങ്ങിയ പോരായ്മകൾ ഫീൽഡ് പരിശോധനകൾക്ക് മുന്പായി പരിഹരിച്ചത് വലിയ നേട്ടമായി.
മാലിന്യ മുക്തം നവകേരളം കാന്പയിന്റെ ഭാഗമായി ഡോർ ടു ഡോർ മാലിന്യ ശേഖരണം 100 ശതമാനത്തിലേക്ക് എത്തിച്ചു. ഖരമാലിന്യ സംസ്കരണത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും പൊതു ഇടങ്ങളിലെയും ജലാശയങ്ങളിലെയും വൃത്തി ഉറപ്പാക്കുകയും ചെയ്തു.
മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ വൃത്തിയാക്കി പൂന്തോട്ടങ്ങളാക്കി മാറ്റിയതും ചുമർചിത്രങ്ങൾ, പ്രത്യേക മാലിന്യ സംസ്കരണ പ്ലാന്റുകൾ, നിർമാണ അവശിഷ്ട മാലിന്യ ശേഖരണ പോയിന്റുകൾ, വേസ്റ്റ് ടു ആർട്ട് ഉദ്യമങ്ങൾ, സീറോ വേസ്റ്റ്ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങൾ, ആർആർആർ സെന്ററുകൾ, നിയമലംഘകർക്കെതിരെ കർശന നടപടികൾ എന്നിവയും റാങ്കിംഗ് മെച്ചപ്പെടുത്താൻ സഹായിച്ചു. ഖര ഗാർബേജ് ഫ്രീ സിറ്റി സ്റ്റാർ റേറ്റിംഗിൽ ഉയർന്ന സ്റ്റാറുകൾ നേടി ജില്ലയിലെ നഗരസഭകൾ സംസ്ഥാനത്ത് മുന്നിലെത്തി.
പട്ടാന്പി, ഷൊർണൂർ നഗരസഭകൾ 3 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി. കേരളത്തിൽ ഈ നേട്ടം കൈവരിച്ച മൂന്ന് നഗരങ്ങളിൽ രണ്ടെണ്ണം പാലക്കാട് നിന്നാണ്.
ചെർപ്പുളശേരി നഗരസഭ 1 സ്റ്റാർ നേടി. കൂടാതെ, വെളിയിട വിസർജ്ജന വിമുക്ത നഗരങ്ങൾക്കുള്ള ഒഡിഎഫ് പ്ലസ് സർട്ടിഫിക്കേഷനും ജില്ലയിലെ എല്ലാ നഗരസഭകളും നേടി.