സംഘർഷസാധ്യത; ഒറ്റപ്പാലത്തു പോലീസിനെ വിന്യസിച്ചു
1576735
Friday, July 18, 2025 5:04 AM IST
ഒറ്റപ്പാലം: സംഘർഷസാധ്യത കണക്കിലെടുത്ത് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്ന ഒറ്റപ്പാലം പരിസരത്ത് പോലീസിന്റെ മുൻകരുതൽ. കോടതിയിൽ വിവിധ കേസുകളിൽ ഹാജരാകാനെത്തിയ ഇരുസംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. മതസ്പർധ പടർത്തണമെന്ന ഉദ്ദേശ്യത്തോടെ സംഘർഷം സൃഷ്ടിച്ചെന്ന കുറ്റം ചുമത്തി പോലീസ് കേസടുത്തിരുന്നു.
ഇരുസംഘങ്ങളിൽ നിന്നുമായി നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരുൾപ്പെടെ ഇരുവിഭാഗങ്ങളിലെയും കണ്ടാലറിയാവുന്ന പത്തുപേർക്കെതിരേയാണ് കേസെടുത്തത്. എസ്ഡിപിഐ പ്രവർത്തകരും വരോട് സ്വദേശികളുമായ വീരമംഗലം മുഹമ്മദ് റിൻഷാദ് (23), കുളമുള്ളി കാജാഹുസൈൻ (33), ചുനങ്ങാട് പുത്തൻപീടിയേക്കൽ മുഹമ്മദ് അലി (44) എന്നിവരാണ് അറസ്റ്റിലായത്. പോലീസ് കസ്റ്റഡിയിലായതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട വരോട് മൂച്ചിക്കൽ ഷബീർ അലി (42) യെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മറുവിഭാഗത്തിൽനിന്ന് പനമണ്ണ അമ്പലവട്ടം ചക്യാവിൽ രാമചന്ദ്രനും(സ്വത്തു രാമചന്ദ്രൻ-36) അറസ്റ്റിലായിരുന്നു. ഇയാൾ ബിജെപി ബന്ധമുള്ളയാളാണെന്നും ഈ സംഘത്തിലെ നാലുപേർകൂടി പിടിയിലാകാനുണ്ടെന്നും പോലീസ് അറിയിച്ചു. സംഘർഷസാധ്യത കണക്കിലെടുത്താണ് ഒറ്റപ്പാലം പരിസരപ്രദേശങ്ങളിൽ പോലീസ് ജാഗ്രത പാലിക്കുന്നത്. ഇതിനുവേണ്ടി പ്രത്യേക പോലീസ് സേനാംഗങ്ങളെയും വിന്യസിപ്പിച്ചിട്ടുണ്ട്.