പട്ടാന്പി ചെക്ക്ഡാം നിർമാണം അന്തിമഘട്ടത്തിൽ
1576995
Saturday, July 19, 2025 1:27 AM IST
പാലക്കാട്: പട്ടാന്പിയിലെ രൂക്ഷമായ കുടിവെള്ള പ്രശ്നത്തിനും കൃഷിജലസേചനത്തിനും പരിഹാരമായി പട്ടാന്പി ചെക്ക് ഡാം നിർമാണം അന്തിമഘട്ടത്തിൽ. പട്ടാന്പി നഗരസഭയിലെ കിഴയൂറിനെയും തിരുമിറ്റക്കോട് പഞ്ചായത്തിൽ ഞാങ്ങാട്ടിരിയെയും ബന്ധിപ്പിച്ചാണ് ചെക്ക് ഡാമും നിർമിക്കുന്നത്. ഡാമിന് 310 മീറ്റർ നീളവും രണ്ട് മീറ്റർ ഉയരവുമുണ്ട്.
ചെക്ക്ഡാമിന്റെ നിർമാണം പൂർത്തിയാകുന്നതോടെ പട്ടാന്പി, ഓങ്ങല്ലൂർ, തൃത്താല, തിരുമിറ്റക്കോട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ 947 ഹെക്ടർ സ്ഥലത്തെ കാർഷികാഭിവൃത്തിക്ക് ഗുണകരമാകും. കൂടാതെ കുടിവെള്ള സ്രോതസിനും ഉപയോഗിക്കാം. 2021-22 വർഷത്തെ സാന്പത്തിക വർഷത്തിൽ നബാർഡ് സ്കീമിൽ ഉൾപ്പെടുത്തിയാണ് ചെക്ക്ഡാമിനായി 32.5 കോടി രൂപ ഭരണാനുമതിയായത്. വിനോദസഞ്ചാര സാധ്യത മുൻനിർത്തി അടുത്തഘട്ടത്തിൽ പാർക്ക് നിർമിക്കാനും ലക്ഷ്യമിടുന്നുണ്ട്.