വന്യജീവി ആക്രമണം; പരിഹാര നിർദേശങ്ങളുമായി മലയോരമേഖലയിലെ കർഷകർ
1576740
Friday, July 18, 2025 5:04 AM IST
കല്ലടിക്കോട്: മുണ്ടൂർ, പുതുപ്പരിയാരം, അകത്തേത്തറ പഞ്ചായത്തുകളിൽ ഉണ്ടാകുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷ നേടുന്നതിന് പരിഹാര നിർദേശങ്ങളുമായി മലയോരമേഖലയിലെ കർഷകരും പ്രദേശവാസികളും രംഗത്തെത്തി.
ധോണി മുതൽ ഞാറക്കോട് വടക്കന്റെ കാട് വരെയുള്ള മലയോര മേഖലയിലെ 3600 കുടുംബങ്ങളും ജനപ്രതിനിധികളും ഒപ്പുവെച്ച നിവേദനം ആണ് കഴിഞ്ഞദിവസം സർക്കാരിന് കൈമാറിയത്.
ക്രിയാത്മകമായ നിർദേശങ്ങൾ അടക്കം ചെയ്തിട്ടുള്ള നിവേദനം ഒലവക്കോട് ഫോറസ്റ്റ് ചീഫ് കൺസർവേറ്ററായ കെ. വി. ജയനന്ദന് കൈമാറി. പൊതുജന കർഷക കൂട്ടായ്മ ചീഫ് കോ-ഓർഡിനേറ്റർ ഷാജി ജോസഫ്, വൈസ് കോ-ഓർഡിനേറ്റർ ടോമി കെ. ഫ്രാൻസിസ്, ജോയിന്റ് കോ-ഓർഡിനേറ്റർ സിജോ മാത്യു തുടങ്ങിയവരാണ് നിവേദനം ഓഫീസിൽ എത്തി കൈമാറിയത്. ഇതോടൊപ്പം സംസ്ഥാന മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും വനംവകുപ്പ് സെക്രട്ടറിക്കും നിവേദനം നൽകിയിട്ടുണ്ട്.
കഴിഞ്ഞ കുറേ വർഷങ്ങളായി ഈ മേഖലയിൽ കർഷകർ ആക്രമിക്കപ്പെടുന്നതും ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെടുന്നതും കൃഷികൾ നശിപ്പിക്കപ്പെടുന്നതും നിത്യസംഭവം ആയതിനെ തുടർന്നാണ് പ്രതിരോധ നിർദേശങ്ങളുമായി കർഷകർ രംഗത്തെത്തിയത്.
വന്യജീവികളെ വനത്തിനുള്ളിൽ തന്നെ സംരക്ഷിക്കാൻ ആവശ്യമായ പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തുക, മലയോരമേഖലയിൽ സൗജന്യ ലൈഫ് മെഡിക്കൽ ക്രോപ്പ് ലൈവ് സ്റ്റോക്ക് ഇൻഷ്വറൻസ് ഏർപ്പെടുത്തുക, കൂട്ടിക്കൽ മുതൽ ധോണി വരെയുള്ള 11 കിലോമീറ്റർ പദ്ധതി പ്രദേശത്ത് നിലവിലെ 9 കിലോമീറ്റർ മരങ്ങൾ അടക്കമുള്ള വനം നവീകരിക്കുക, വനത്തിനും കൃഷിഭൂമിക്കും ഇടയിൽ പത്തടി ഉയരത്തിൽ റെയിൽ ഫെൻസിംഗ് നിർമിക്കുക, ഓരോ കിലോമീറ്റർ ദൂരത്തിലും അലാറം ഘടിപ്പിക്കുക, ഫോറസ്റ്റ് ആർആർടി സംഘങ്ങൾ അടങ്ങിയ ഔട്ട് പോസ്റ്റ് നിർമിക്കുക തുടങ്ങിയവയാണ് 20 കോടി രൂപ ചെലവ് വരുന്ന പ്രതിരോധ സംവിധാനങ്ങളിൽ പ്രധാനപ്പെട്ടവ. ഈ മേഖലയിലെ വന്യമൃഗശല്യം അവസാനിപ്പിക്കാൻ ജനപ്രതിനിധികളുടെ ഇടപെടലുകളും അനിവാര്യമാണെന്നും സമിതി ചൂണ്ടിക്കാട്ടി.