പോത്തുണ്ടിഡാം പുഴയിലേക്കു തുറന്നു
1577004
Saturday, July 19, 2025 1:27 AM IST
നെന്മാറ: ഓറഞ്ച് അലർട്ടിലേക്ക് പോത്തുണ്ടി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ സ്പില്‍വേ ഷട്ടറുകൾ തുറന്ന് വെള്ളം പുഴയിലേക്ക് ഒഴുക്കി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അണക്കെട്ടിലെ ഷട്ടറുകൾ പുഴയിലേക്ക് തുറന്നത്.
രണ്ട് സെന്റീമീറ്റർ വീതം 3 ഷട്ടറുകളും തുറന്നു. 55 അടി സംഭരണശേഷിയുള്ള ഡാമിൽ നിലവിൽ 52 അടിക്കു മുകളിൽ വെള്ളം എത്തിയതോടെയാണ് ജലക്രമീകരണത്തിന്റെ ഭാഗമായി പുഴയിലേക്ക് നിയന്ത്രിത അളവിൽ വെള്ളം തുറന്നതെന്ന് ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ മലമ്പുഴ അറിയിച്ചു.
കഴിഞ്ഞവർഷം ഇതേ ദിവസം 30 അടി വെള്ളമാണ് ഡാമിൽ ഉണ്ടായിരുന്നത്. മഴ കൂടുതൽ ശക്തമാവുകയാണെങ്കിൽ ഡാമിലേക്കുള്ള നീരൊഴുക്കിന് ആനുപാതികമായി പുഴയിലേക്ക് കൂടുതൽ വെള്ളം തുറന്നുവിടാൻ സാധ്യതയുണ്ട്.
ആയതിനാൽ പോത്തുണ്ടി പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു.