ജില്ലാസമ്മേളനത്തെ സ്വാഗതം ചെയ്യുന്നതു തകർന്ന റോഡുകളും നെൽകർഷകരുടെ കണ്ണീരും
1577003
Saturday, July 19, 2025 1:27 AM IST
വടക്കഞ്ചേരി: ഭരണകക്ഷി പാർട്ടിയായ സിപിഐയുടെ ജില്ലാ സമ്മേളനത്തിന് സ്വാഗതം ചെയ്യാൻ പൊട്ടിപ്പൊളിഞ്ഞ റോഡുകളും നെൽകർഷകരുടെ കണ്ണുനീരും. സമ്മേളന നഗരിയായ വടക്കഞ്ചേരിയിലേക്ക് ജില്ലയുടെ പലഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരും നേതാക്കളും എത്തുന്നത് ഇതു പോലെയുള്ള റോഡുകളിലെ കുഴികൾ താണ്ടികടന്ന്. നാട്ടിലെ വികസനത്തെക്കുറിച്ച് സിപിഐ മന്ത്രിമാർ ഇന്നലെ എണ്ണം പറഞ്ഞ് പ്രസംഗിച്ചപ്പോൾ സമ്മേളനനഗരി നിശബ്ദമായി. ഇതൊക്കെ നടപ്പിലായത് നമ്മുടെ നാട്ടിൽ തന്നെയാണോ എന്ന ചിന്തയിലായിരുന്നു നാട്ടുകാർ.
സിപിഐ മന്ത്രിമാർ കൈകാര്യം ചെയ്യുന്ന കൃഷിവകുപ്പിന്റെയും ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെയും പിടിപ്പുകേടു മൂലം നെൽകർഷകർ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ദുരിതങ്ങളും കുറച്ചൊന്നുമല്ല. രാപ്പകൽ പണിയെടുത്ത് ഉണ്ടാക്കുന്ന നെല്ലിന്റെ വില കിട്ടാൻ എത്രതവണ ഓരോ ഓഫീസുകളും രേഖകളും സംഘടിപ്പിക്കണം എന്നതിന് കണക്കില്ല.
ഒടുവിൽ ബാങ്കിൽ നിന്നും വായ്പ എടുക്കുന്ന രീതിയിലാണ് നെല്ലിന്റെ വില നൽകുന്നത്. നാലുമാസം മുമ്പ് കൊടുത്ത രണ്ടാംവിള നെല്ലിന്റെ വില കിട്ടാനാണ് ഇപ്പോഴും കർഷകരുടെ നെട്ടോട്ടം. കേന്ദ്രം മതിയായ ഫണ്ട് അനുവദിക്കുന്നില്ല എന്നായിരുന്നു നെല്ലിന്റെ വില കൊടുക്കാത്തതു സംബന്ധിച്ച് ജില്ലാ സെക്രട്ടറി പത്രസമ്മേളനത്തിൽ വിശദീകരിച്ചത്.
കർഷകർ സംഘടിതരല്ലാത്തതിനാൽ കർഷകരോട് എന്തുമാകാം എന്ന സ്ഥിതി ഇപ്പോഴും തുടരുകയാണ്. സർവീസ് ജീവനക്കാർക്ക് നാലുമാസം കഴിഞ്ഞ് ശമ്പളം തരാം എന്ന് പറഞ്ഞാൽ എന്താകും സ്ഥിതി എന്നാണ് കർഷകർ ചോദിക്കുന്നത്. ഒന്നാംവിളയ്ക്ക് വളം ഇടലും മറ്റും നടത്തേണ്ട സമയമാണ്.
എന്നാൽ കൈയിൽ പണമില്ലെന്ന സങ്കടമാണ് കർഷകർ പങ്കുവക്കുന്നത്. മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാത മുതൽ എല്ലാ റോഡുകളും തകർന്നുകിടക്കുകയാണ്. യാത്ര ചെയ്യാനാകാത്തവിധമാണ് റോഡുകളുടെ ദുരവസ്ഥ. സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരംനടന്ന റെഡ് വോളന്റിയർ മാർച്ച് തുടങ്ങിയത് തകർന്നുകിടക്കുന്ന മംഗലം പാലം ബൈപാസ് ജംഗ്ഷനിൽ നിന്നായിരുന്നു. വലിയ കിടങ്ങുകൾ പോലെയാണ് ഇവിടെ റോഡ്. ഇന്ന് രാവിലെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തിനും നാളത്തെ സമ്മേളന സമാപനപരിപാടികൾക്കും പ്രവർത്തകരും നേതാക്കളുമെല്ലാം എത്തേണ്ടത് ഈ കുഴികൾ താണ്ടി കടന്നാകണം. എന്നിട്ടും നാട്ടിലെ വികസന വേഗതയെ കുറിച്ച് പറയുന്നതിലെ വൈരുദ്ധ്യമാണ് ചർച്ചയാകുന്നത്.