അലിൻരാജിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു
1436427
Monday, July 15, 2024 11:25 PM IST
വടക്കഞ്ചേരി: കാനഡയിലെ തടാകത്തിൽ മുങ്ങിമരിച്ച എളവമ്പാടം പുളിങ്കുഴി പരേതനായ സഞ്ജയ് കുമാറിന്റെ മകൻ അലിൻരാജി(22)ന്റെ മൃതദേഹം വീട്ടിലെത്തിച്ചശേഷം ഐവർമഠത്തിൽ സംസ്കരിച്ചു. കാനഡയിൽനിന്നും വിമാനമാർഗം നാട്ടിലെത്തിച്ച മൃതദേഹം പത്തരയോടെയാണ് വീട്ടിൽ കൊണ്ടുവന്നത്. ഈ സമയം വീടും വീട്ടിലേക്കുള്ള വഴിയും ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു.
മൃതദേഹം വീട്ടിലെത്തിയതോടെ ഇത്രയും ദിവസം അടക്കിപ്പിടിച്ചിരുന്ന തേങ്ങലുകൾ വലിയ കൂട്ടക്കരച്ചിലായി മാറി. അമ്മ ലിസയെയും സഹോദരി അനാമികയെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും ഏറെ വിഷമിച്ചു.
മകന്റെ മരണവിവരം തലേന്നുവരെ അമ്മയെ അറിയിച്ചിരുന്നില്ല. വൈകീട്ട് വിവരമറിഞ്ഞ അമ്മ ബോധരഹിതയായി. തൃശൂരിലെ ആശുപത്രിയിൽ ചികിത്സ നൽകി ശനിയാഴ്ച രാത്രിയാണ് വീട്ടിൽ കൊണ്ടുവന്നത്.
കഴിഞ്ഞമാസം 24 നാണ് കാനഡയിലെ പീറ്റർബറോയിൽ ബീവർമീഡ് പാർക്കിലുള്ള തടാകത്തിൽ അലിൻ രാജ് മുങ്ങി മരിച്ചത്.