ദുരന്തവാർത്തകൾക്കു കാതോർത്ത് മലയോര വെള്ളച്ചാട്ടങ്ങൾ
1436618
Wednesday, July 17, 2024 12:56 AM IST
ഡോ. മാത്യു കല്ലടിക്കോട്.
കല്ലടിക്കോട്: മഴക്കാലം തുടങ്ങിയതോടെ മലയോര മേഖലയിലെ വെള്ളച്ചാട്ടങ്ങൾ അപകട ക്കെണികളായി മാറുന്നു.
ആറ്റില, മീൻവല്ലം, വട്ടപ്പാറ, ധോണി, അരിപ്പൻ, ചെറുപുഴ തുടങ്ങിയ വെള്ളച്ചാട്ടങ്ങളാണ് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നത്.
അറിയപ്പെടുന്ന വെള്ളച്ചാട്ടങ്ങൾക്കുപുറമേ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങൾ ധാരാളമുള്ള പ്രദേശങ്ങളാണ് കല്ലടിക്കോടൻ മലയോരമേഖല.
ധോണി മുതൽ പാലക്കയം വട്ടപ്പാറ വരെയുള്ള മലയോര മേഖലയിൽ വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കുന്നതിന് ധാരാളം ആളുകളാണ് എത്തുന്നത്. ഇവിടെ എത്തുന്ന പലരും സുഹൃത്തുക്കൾ ഒരുമിച്ചു ബൈക്കിലും മറ്റുമായി എത്തിച്ചേരുകയും മൊബൈലിൽ സെൽഫി എടുക്കുന്നതിന് സാഹസികമായി വെള്ളച്ചാട്ടങ്ങൾക്കുനടുവിലും പുഴയുടെ സമീപത്തും പാറകളിലും കയറുകയും പലപ്പോഴും കാൽ വഴുതി വെള്ളത്തിലേക്കും കൊക്കയിലേക്കും വീഴുന്നതും പതിവാണ്.
ഒരുകാലത്ത് സീതാർകുണ്ടിലും കുരുത്തിച്ചാലിലും ഒക്കെയാണ് മുങ്ങിമരണങ്ങൾ ഉണ്ടായതെങ്കിൽ ഇപ്പോൾ മലയോരമേഖലയിലെ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളിൽ പോലും ആളുകൾ മുങ്ങിമരിക്കുന്ന സാഹചര്യം ഉണ്ടാവുന്നു.
പലപ്പോഴും വെള്ളച്ചാട്ടങ്ങളുടെ സമീപം മരങ്ങളും ചെടികളും ഇടതൂർന്നുവളരുന്നതും പുഴയിൽ ധാരാളം കയങ്ങൾ ഉള്ളതും അപകടങ്ങളുടെ സാധ്യത വർധിപ്പിക്കുകയാണ് ചെയ്യുന്നത്.
ഈ പ്രദേശങ്ങളിലേക്കു വരുന്നവർ പലരും ആദ്യമായി എത്തുന്നവരാണ് സ്ഥലത്തെക്കുറിച്ച് പ്രദേശത്തെക്കുറിച്ച് വെള്ളച്ചാട്ടങ്ങളെക്കുറിച്ച് ഇവർക്കു കാര്യമായ അറിവുകൾ ഒന്നും ഉണ്ടാവില്ല.
പലപ്പോഴും സുഹൃത്തുക്കളുമായി പുഴയിൽ ഇറങ്ങുന്നതും മുങ്ങിത്താഴുന്നതും പതിവാണ്. ഇത്തരം പ്രദേശങ്ങളിൽ വാഹനങ്ങൾ എത്തുന്നതിനാവശ്യമായ റോഡുകളോ വാർത്താവിനിമയസൗകര്യങ്ങളോ ഇല്ലാത്തത് അപകടങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നു.
സുരക്ഷാജീവനാക്കാരോ അപകട മൂന്നറിയിപ്പ് ബോർഡുകളോ ഇല്ലാത്തതിനാൽ അപരിചിതരായ സഞ്ചാരികൾ അപകടങ്ങളിൽ ചാടുന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
വനം സംരക്ഷണസമിതികൾ രൂപീകരിച്ച് ഇത്തരം വെള്ളച്ചാട്ടങ്ങളുടെ സംരക്ഷണവും പരിപാലനവും ഏൽപ്പിക്കുന്നതും സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുകയും സന്ദർശകരുടെ സമയം നിശ്ചയിക്കുകയും ഗൈഡുകളെ ഏർപ്പെടുത്തുകയും ചെയ്യാവുന്നതാണ്.
സന്ദർശകരിൽ നിന്നും പ്രവേശന ഫീസും ഈടാക്കാവുന്നതാണ്.