തോരാമഴ; വീടുകൾ തകർന്നു, പാലങ്ങൾ മുങ്ങി
1436627
Wednesday, July 17, 2024 12:56 AM IST
വടക്കഞ്ചേരി: തോരാമഴയിലും കാറ്റിലും മരംവീണ് കടപ്പാറയ്ക്കടുത്ത് വനത്തിനകത്തുള്ള തളികക്കല്ല് ആദിവാസി കോളനിയിലെ വാസുവിന്റെ വീട് തകർന്നു. ആർക്കും പരിക്കില്ല. മരങ്ങൾ വീണ് കോളനിയിലേക്കുള്ള നിരവധി വൈദ്യുതി പോസ്റ്റുകൾക്കും നാശം സംഭവിച്ചു. പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്. കിഴക്കഞ്ചേരി വേളാമ്പുഴയിൽ മരംവീണ് ആമിന, ഗുരുവായൂരപ്പൻ എന്നിവരുടെ വീടുകൾ തകർന്നു. മംഗലംഡാം വിആർടി പൂച്ചാടിയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. പാലക്കുഴിയിൽ തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതിക്കായി നിർമിച്ചിട്ടുള്ള തടയണയിൽ പെട്ടെന്ന് വെള്ളം പൊങ്ങിയത് ആശങ്കയുണ്ടാക്കി.
വാൽക്കളമ്പ് - പാലക്കുഴി റോഡിൽ കൊടുമ്പാലയിൽ മരം വീണ് വാഹന ഗതാഗതം തടസപ്പെട്ടു. പഞ്ചായത്ത് മെംബർ പോപ്പി ജോണിന്റെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. തോരാമഴയിൽ മേഖലയിലെ പാലങ്ങളും പാടങ്ങളും മുങ്ങി. പാലങ്ങൾ മുങ്ങി പലഭാഗത്തും ഗതാഗതം തടസപ്പെട്ടു. പുഴകൾ കരകവിഞ്ഞൊഴുകി പുഴയോരങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. വൃഷ്ടിപ്രദേശങ്ങളായ മലകളിൽ നിന്നും അതിശക്തമായ നീരൊഴുക്ക് ഉണ്ടാകുന്നതിനെ തുടർന്ന് മംഗലം ഡാമിന്റെ ഷട്ടറുകൾ ഇന്നലെ കൂടുതൽ ഉയർത്തിയിട്ടുണ്ട്. കരിപ്പാലി, പാളയം, കൊഴുക്കുള്ളി എന്നീ പാലങ്ങളാണ് മുങ്ങി ഗതാഗതം തടസപ്പെട്ടിട്ടുള്ളത്.
ആയക്കാട്, വണ്ടാഴി പ്രദേശത്തെ പാടങ്ങളിൽ വെള്ളംകയറി. ചിറ്റടിയിൽ പുഴ കരകവിഞ്ഞൊഴുകി റബർതോട്ടത്തിലൂടെയാണ് വെള്ളമൊഴുകുന്നത്. മമ്പാടും തെന്നിലാപുരത്തും ഉയരം കൂടിയ പുതിയ പാലങ്ങൾ നിർമിച്ചതിനാൽ ഇക്കുറി ഈ പ്രദേശങ്ങളിൽ പാലം മുങ്ങി ഒറ്റപ്പെടുന്ന പ്രദേശങ്ങൾ ഇല്ലാതായിട്ടുണ്ട്. ഇന്നലെ പകൽസമയം മഴയ്ക്ക് ശമനമായത് കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കി.