വടക്കഞ്ചേരി: മുടപ്പല്ലൂർ പങ്കജ ഓഡിറ്റോറിയത്തിൽ നടന്നുവരുന്ന സംസ്ഥാന അമച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരങ്ങളിലേക്കു കടന്നപ്പോൾ പോയിന്റ് നിലയിൽ തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. കോഴിക്കോടും കണ്ണൂരും ഒപ്പമുണ്ട്. ശേഷിച്ചിട്ടുള്ള ഫൈനൽ മത്സരങ്ങൾ ഇന്നുരാവിലെ ഒമ്പതു മുതൽ തുടരും. രണ്ടുവിഭാഗങ്ങളിലായി 52 പേരാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.
ഉച്ചയ്ക്കുശേഷം മൂന്നിനു നടക്കുന്ന സമാപന സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ഇന്നലെ ദ്രോണാചാര്യ പുരസ്കാര ജേതാവും ഇന്ത്യൻ കോച്ചുമായ ഡോ.ഡി. ചന്ദ്രലാൽ, മുൻ ലോക ചാമ്പ്യനും ധ്യാൻചന്ദ് പുരസ്കാര ജേതാവുമായ കെ.സി. ലേഖ എന്നിവരെ കെ. ബാബു എംഎൽഎ പൊന്നാടയണിയിച്ച് ആദരിച്ചു. സംഘാടക സമിതി ചെയർമാൻ ടി.എം. ശശി, കൺവീനർ വി.സി. നിഖിൽ തുടങ്ങിയവരും പങ്കെടുത്തു.