പാലക്കാട്: ഓരോ കുടുംബത്തിലും പുരോഗമനപരമായ മാറ്റംവരുത്താന്‍ കഴിയുന്നതരത്തിലാവണം വികസനം ആസൂത്രണം ചെയ്യേണ്ടതെന്നും വികസനമെന്നത് റോഡും പാലവും മത്രമല്ലായെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി.
ജില്ലാ പദ്ധതി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ജില്ലാ ആസൂത്രണസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാ പദ്ധതി രൂപീകരണ ജില്ലാതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ ആസൂത്രണസമിതി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി. ജില്ലാ കളക്ടര്‍ ഡോ.എസ്. ചിത്ര, കെ .പ്രഭാകരന് എംഎല്‍എ, ജില്ലാ ആസൂത്രണസമിതി സര്‍ക്കാര്‍ പ്രതിനിധി ടി.ആര്. അജയന്, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ കെ. ഗോപാലകൃഷ്ണന്, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ആര്. രത്നേഷ്, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് അധ്യക്ഷന്മാര്, സര്‍ക്കാര്‍ കോളജ് പ്രതിനിധികള്‍, ഗവേഷണസ്ഥാപന പ്രതിനിധികള്‍, ട്രേഡ് യൂണിയന് സംഘടനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.