വടക്കഞ്ചേരി: കോരഞ്ചിറ - വാൽകുളമ്പ് - പനംകുറ്റി - പന്തലാംപാടം മലയോരപാതയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വാൽക്കുളമ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിലെ പാതാളക്കുഴികളിൽ വാഴകൾ നട്ട് പ്രതിഷേധസമരം നടത്തി. ലവണപാടം ജംഗ്ഷനിൽ നടന്ന സമരപരിപാടികൾ ഡിസിസി ജനറൽ സെക്രട്ടറി ഡോ.അർസലൻ നിസാം ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡന്റ് റോയ് മുണ്ടൻചിറ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് കെ.വി. കണ്ണൻ, മണ്ഡലം പ്രസിഡന്റ് സി. ചന്ദ്രൻ മറ്റു നേതാക്കളായ സുനിൽ എം.പോൾ, ലീലാമ്മ ജോസഫ്, മറിയക്കുട്ടി ജോർജ്, റെസ്റ്റിൻ ചാക്കോ, കെ.ജി. പ്രദീപ്, ആണ്ടവൻ കരടിയള, തങ്കച്ചൻ ചെറുവള്ളിക്കുടി എന്നിവർ പ്രസംഗിച്ചു. ഏറെ വർഷങ്ങളായി മലയോരപാത ഗതാഗതയോഗ്യമല്ലാതെ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പാതയുടെ അറ്റകുറ്റപ്പണികൾക്കായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് രണ്ടുവർഷം മുമ്പ് എംഎൽഎ ഉൾപ്പെടെയുള്ളവർ പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഫണ്ട് ചെലവഴിച്ചിട്ടില്ല.