വനവസന്തം വീണ്ടെടുക്കാൻ...
1566003
Tuesday, June 10, 2025 1:49 AM IST
എം.വി. വസന്ത്
പാലക്കാട്: പരിസ്ഥിതിദിനാചരണങ്ങൾ കടന്നുപോകുന്നതു വരുംതലമുറയ്ക്കു പുത്തൻ വാതായനങ്ങൾ തുറന്നിട്ടാകണം. വലിയൊരു ലക്ഷ്യത്തിലേക്കു പുത്തൻ ആശയങ്ങൾ വഴിമരുന്നിടുന്പോൾ അതു പ്രകൃതിക്കും ആശ്വാസമാകും.
ഇത്തരമൊരു പുത്തൻ ആശയമാണ് അകത്തേത്തറ ഗ്രാമപഞ്ചായത്തിലും യാഥാർഥ്യമാകുന്നത്.
വനവസന്തം, അഥവാ അന്യംനിന്നുപോകുന്ന സസ്യജാലങ്ങളെ ഭൂപ്രകൃതിയിൽ സജീവമായി തിരിച്ചെത്തിക്കുകയാണിവിടെ. ട്രീസ് ഓഫ് ലൈഫ് - ആർബറേറ്റത്തിനു പരിസ്ഥിതിദിനത്തിൽ തുടക്കമായിരിക്കുന്നു.
സംസ്ഥാന ജൈവവൈവിധ്യ ബോർഡും പാലക്കാട് ഗവ. വിക്ടോറിയ കോളജ് ബോട്ടണി വിഭാഗവും ഭൂമിത്രസേനയും അകത്തേത്തറ ഗ്രാമപഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെൻറ് കമ്മിറ്റിയുംചേർന്ന് അകത്തേത്തറ കുന്നംപാറ ബയോഡൈവേഴ്സിറ്റി പാർക്കിലാണ് ആർബറേറ്റം ഒരുക്കുന്നത്. കേരളത്തിലെ വനങ്ങളിൽ വംശനാശഭീഷണി നേരിടുന്ന പത്തിനങ്ങളിൽപ്പെട്ട സസ്യങ്ങളെയാണ് ഇവിടെ നട്ടുപരിപാലിക്കുക.
ഞാറ, വെള്ളക്കുന്തിരിക്കം, വെള്ളഅകിൽ, കരിംകുറിഞ്ഞി, ചെറുമഹാഗണി, രക്തചന്ദനം, ആറ്റുപുന്ന, കറുത്ത കുന്തിരിക്കം, പുത്രാൻജിവ, ഒടുക് എന്നിവയാണ് ഈ സസ്യജാലങ്ങൾ.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൊഴിലുറപ്പുതൊഴിലാളികൾ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഗവ. വിക്ടോറിയ കോളജിലെ ബോട്ടണി വിഭാഗം മേധാവി ഡോ.വി. സുരേഷ്, ഡോ. സോജൻ ജോസ്, ഡോ. റീതു രാജ്. സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡ് ജില്ലാ കോ- ഓർഡിനേറ്റർ സിനിമോൾ, അകത്തേത്തറ പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി മെംബർമാർമാരായ അഡ്വ. ലിജോ പനങ്ങാടൻ, സതീഷ് പുളിക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ, മെംബർമാരായ സുധീർ , മഞ്ജു മുരളി, വിക്ടോറിയ കോളേജിലെ ഭൂമിത്ര സേനാംഗങ്ങൾ, തൊഴിലുറപ്പ് പ്രോജക്ട് ഉദ്യോഗസ്ഥരായ അർജുൻ, സൗമ്യ എന്നിവർ പങ്കെടുത്തു.
പദ്ധതിക്കു തുടക്കമാകുന്പോൾ ശ്രദ്ധേയമാകുന്നതു പരിസ്ഥിതിസ്നേഹികളായ പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, ജൈവവൈവിധ്യ മാനേജ്മെന്റ് വിദഗ്ധർ, അധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സജീവസാന്നിധ്യവും പങ്കാളിത്തവുമാണ്.
ദീർഘകാല പ്രകൃതിസംരക്ഷണ പദ്ധതിയായാണ് ആർബറേറ്റം വിഭാവനം ചെയ്തിട്ടുള്ളത്.
അകത്തേത്തറ ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി, വിക്ടോറിയ കോളജ് ബോട്ടണി വിഭാഗം, ഭൂമിത്ര സേനാംഗങ്ങൾ, വിദ്യാർഥികൾ എന്നിവരുടെ നേതൃത്വത്തിലാണ് പഠനവും തുടർപരിപാലനവും നടത്തുക.
ആഴ്ചയിൽ ഒന്നുവീതമുള്ള സന്ദർശനവും പരിപാലനവും തിരിനനയുമാണ് ആദ്യഘട്ടത്തിൽ.
കൂടുതൽ പരിപാലന- പ്രവൃത്തി ആശയങ്ങളും പരിസ്ഥിതിസ്നേഹികൾക്കു സമർപ്പിക്കാം.