കാറും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്കു ദാരുണാന്ത്യം
1568128
Tuesday, June 17, 2025 11:02 PM IST
കല്ലടിക്കോട്: പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് മേലേചുങ്കത്തു കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരി മരിച്ചു.
കല്ലടിക്കോട് ചുങ്കം കളപ്പാറ സ്വദേശി ലിസി (55)യാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ലിസിയുടെ മകൻ ടോണി തോമസ്, അപകടത്തെതുടർന്ന് കാറിലിടിച്ചുമറിഞ്ഞ ഓട്ടോറിക്ഷയുടെ ഡ്രൈവർ കണ്ണാടി സ്വദേശി ബാബു എന്നിവർക്കു പരിക്കേറ്റു.
ഇന്നലെ രാവിലെ കല്ലടിക്കോട് ചുങ്കത്തുവച്ചായിരുന്നു അപകടം. ദേശീയപാതയിലേക്കു കാറിനെ മറികടന്നു കയറിയ ബൈക്കിൽ കാർ തട്ടുകയായിരുന്നു. റോഡിലേക്കു തെറിച്ചുവീണ ലിസിയുടെ ശരീരത്തിലൂടെ എതിർദിശയിൽനിന്നു വന്ന പിക്കപ്പ് വാൻ കയറിയിറങ്ങി.
അപകടത്തെതുടർന്നു നിയന്ത്രണം വിട്ട കാറിൽ ഓട്ടോയും ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ ലിസിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ലിസിയുടെ ഭർത്താവ് കാൻസർ വന്നു രണ്ടുമാസംമുമ്പ് മരിച്ചിരുന്നു. പാലക്കാട് ജോബീസ് മാളിൽ തുന്നൽജോലി ചെയ്യുകയായിരുന്നു ഇവർ. ജോലിസ്ഥലത്തേക്കു പോകുമ്പോഴാണ് അപകടമുണ്ടായത്.
മക്കൾ: ഡെന്നി, ടോണി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു രാവിലെ വീട്ടിലെത്തിക്കും. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് കല്ലടിക്കോട് സാൽവേഷൻ ആർമി സെമിത്തേരിയിൽ.