ഒറ്റപ്പാലം നഗരസഭയുടെ ഷീ ലോഡ്ജ് ഇനിയും പ്രവർത്തനം തുടങ്ങിയില്ല
1568189
Wednesday, June 18, 2025 1:16 AM IST
ഒറ്റപ്പാലം: വർഷങ്ങൾ പിന്നിട്ടിട്ടും ഒറ്റപ്പാലത്ത് ഷീ ലോഡ്ജ് പദ്ധതി തുടങ്ങിയില്ല. പദ്ധതി നടപ്പാക്കാനായി കെട്ടിടംപണി പൂർത്തിയായി വർഷം മൂന്നുകഴിഞ്ഞിട്ടും ഇതാണുസ്ഥിതി.
രാത്രിയിൽ ഒറ്റപ്പാലത്തെത്തുന്ന വനിതകൾക്ക് താമസിക്കുന്നതിനു സൗകര്യമൊരുക്കുന്ന പദ്ധതിയാണ് നഗരസഭാ ബസ്സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തനസജ്ജമായത്. സുരക്ഷാസംവിധാനങ്ങൾകൂടി ഒരുക്കാനുള്ളതുകൊണ്ടാണ് പ്രവർത്തനം വൈകുന്നതെന്നാണ് നഗരസഭയുടെ വിശദീകരണം.
നഗരസഭാ ബസ്സ്റ്റാൻഡിലെ പുതിയ കെട്ടിടത്തിൽ ഒന്നാംനിലയിലാണ് ഷീ ലോഡ്ജ് നിർമിച്ചിട്ടുള്ളത്. ആദ്യഘട്ടമെന്ന നിലയ്ക്ക് അഞ്ചുകിടക്കകളാണ് തയാറാക്കിയിട്ടുള്ളത്, രണ്ട് ശൗചാലയങ്ങളുള്ള കേന്ദ്രത്തിൽ കട്ടിൽ, മേശ, ഫാൻ തുടങ്ങിയവയുണ്ട്. താമസക്കാർക്ക് ഭക്ഷണമുൾപ്പെടെയുള്ള സൗകര്യങ്ങളുമൊരുക്കും.
മുൻ ഭരണസമിതി 2019ൽ വിഭാവനംചെയ്ത പദ്ധതിയാണിത്. കുടുംബശ്രീയുടെ നേതൃത്വത്തിലായിരിക്കും നടത്തിപ്പെന്നും തീരുമാനിച്ചിരുന്നു. ഇതിനുവേണ്ടി നഗരസഭ കുടുംബശ്രീ യൂണിറ്റുകളിൽനിന്ന് താത്പര്യപത്രം ക്ഷണിക്കുകയും ചെയ്തു. യൂണിറ്റിനെ തെരഞ്ഞെടുക്കുന്നമുറയ്ക്ക് കൗൺസിലിന്റെ അംഗീകാരംനേടി ഷീ ലോഡ്ജ് പ്രവർത്തനമാരംഭിക്കാനായിരുന്നു പദ്ധതി.
രണ്ടുലക്ഷംരൂപയുടെ പണികൾകൂടി നടത്തിക്കഴിഞ്ഞാൽ പ്രവർത്തനം തുടങ്ങുമെന്നാണ് നഗരസഭാധികൃതർ പറയുന്നത്.