പാലക്കാടൻ തനിമ പ്രതിഫലിപ്പിക്കുന്ന പുസ്തകങ്ങളുടെ പ്രദർശനം 19 മുതൽ
1568185
Wednesday, June 18, 2025 1:15 AM IST
പാലക്കാട്: ജില്ല ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ലൈബ്രറി കൗൺസില്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എ. പ്രഭാകരൻ എംഎൽഎ 19ന് രാവിലെ 11 ന് പുതുപ്പരിയാരത്തുള്ള ‘മധുരം ഗായതി പാലക്കാടന്‍ പുസ്തക കലവറ’യിൽ നിർവഹിക്കും.
ഇതിന്റെ ഭാഗമായി പാലക്കാടൻ തനിമ പ്രതിഫലിപ്പിക്കുന്ന 1000 ത്തോളം പുസ്തകങ്ങളുടെ പ്രദർശനം 19, 20 തീയതികളിൽ തുടർച്ചയായും ജൂലൈ ഏഴ് വരെ തെരഞ്ഞെടുക്കപ്പെടുന്ന ദിവസങ്ങളിലും നടക്കും. രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെയാണ് പ്രദർശനം. പാലക്കാടിന്റെ വ്യത്യസ്തമായ ജീവിതപരിസരങ്ങൾ അടയാളപ്പെടുന്ന നാലുകെട്ട്, തലമുറകൾ, നങ്ങ്യേമക്കുട്ടി, അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, ശേഷക്രിയ, ശവുണ്ടി, ഒടിയൻ, തൂമങ്ങൾ, പറയിപെറ്റ പന്തിരുകുലം, കൗണ്ടൻകളം തുടങ്ങി മുപ്പത് സർഗാത്മക പുസ്തകങ്ങളും, പ്രധാന പാലക്കാടൻ കഥാസന്ദർഭങ്ങളുള്ള പുസ്തകങ്ങളും പാലക്കാടിനെ അറിയാൻ കഴിയുന്ന ജീവചരിത്രങ്ങളും ഉൾപ്പെട്ട പുസ്തക ശേഖരണങ്ങൾ പ്രദർശനത്തിലുണ്ട്. പ്രവേശനം സൗജന്യമാണ്.
മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് അധ്യക്ഷനാകുന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവർ മുഖ്യാതിഥികളാകും. ഒ.വി വിജയൻ സ്മാരകസമിതി അംഗം രാജേഷ് മേനോൻ ആമുഖപ്രഭാഷണം നടത്തും.