മെഡിക്കൽ ഷോപ്പ് ഉടമയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു
1568181
Wednesday, June 18, 2025 1:15 AM IST
നെന്മാറ: മെഡിക്കൽ ഷോപ്പിൽ ഭീഷണി മുഴക്കിയെത്തിയ യുവാക്കൾ കടയുടമയെയും ഭാര്യയെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു. നെന്മാറ ബസ് സ്റ്റാൻഡിനടുത്ത് മെയിൻ റോഡിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന അയിനംപാടം കെ.കെ. നഗറിൽ ശാരദാ ഭവനിൽ വിജയകുമാർ (61), ഭാര്യ ഷീബ എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കടയുടെ ചില്ല്കൂട് തകർത്തതിൽ 5000 രൂപയുടെ നാശനഷ്ടം ഉണ്ടായതായി പരാതിയിൽ പറയുന്നു. വിജയകുമാറിന്റെ പരാതിയെ തുടർന്ന് വിനീത് കരിമ്പാറ, കണ്ടാലറിയാവുന്ന മറ്റു രണ്ടു പേർക്കുമെതിരെ നെന്മാറ പോലീസ് കേസെടുത്തു.
കഴിഞ്ഞദിവസം വൈകുന്നേരം മെഡിക്കൽ ഷോപ്പിന് മുന്നിൽ ഇരുചക്ര വാഹനത്തിൽ എത്തി ഭീഷണിമുഴക്കിയ പ്രതികൾ വാഗ്വാദത്തിൽ ഏർപ്പെടുകയും, തുടർന്ന് കടയിൽ കയറി മുൻവശത്തെ ഇരുഭാഗത്തുമുള്ള ചില്ലുകൂടുകൾ തകർക്കുകയും, മരുന്നു കുപ്പി ഉപയോഗിച്ച് കടയുടമയുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് തടഞ്ഞ വിജയകുമാറിനെ തകർന്നുവീണ ചില്ല് ഉപയോഗിച്ച് എറിഞ്ഞതിനെ തുടർന്ന് നെഞ്ചിലും കയ്യിലും ഭാര്യയുടെ കാലിലും പരിക്കുപറ്റി.
തുടർന്ന് ഇരുവരും നെന്മാറ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. ചികിത്സ കഴിഞ്ഞ് തിരികെ വന്ന ഇരുവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിന് നെന്മാറ പോലീസ് കേസെടുത്തു. ഗ്രേഡ് സബ് ഇൻസ്പെക്ടർ കെ. മണികണ്ഠൻ, പി. രവീന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.