ഒളിന്പ്യൻമാരായ ടിന്റു ലൂക്കയും പ്രീജ ശ്രീധരനും ദീപശിഖാപ്രയാണത്തിനു നേതൃത്വം നൽകും
1568484
Thursday, June 19, 2025 2:04 AM IST
പാലക്കാട്: അന്താരാഷ്ട്ര ഒളിന്പിക് ദിനാഘോഷത്തിന്റെ ഭാഗമായി 23ന് പാലക്കാട്ട് ദീപശിഖാ റാലിയും പൊതുസമ്മേളനവും നടത്താൻ സംഘാടകസമിതിയോഗം തീരുമാനിച്ചു.
അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് പരിപാടികൾക്കു അന്തിമരൂപം നൽകിയത്. അന്നുരാവിലെ ഏഴിനു വിക്ടോറിയ കോളജ് പരിസരത്തുനിന്നാണ് ദീപശിഖാറാലി ആരംഭിക്കുക. കോട്ടമൈതാനത്തു നടക്കുന്ന പൊതുസമ്മേളനത്തോടെ റാലി സമാപിക്കും.
ഒളിന്പ്യൻമാരായ ടിന്റു ലൂക്കയും പ്രീജാ ശ്രീധരനും ദീപശിഖാ പ്രയാണത്തിനു നേതൃത്വം നൽകും. എൻസിസി, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ്, കായികതാരങ്ങൾ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവരെല്ലാം റാലിയുടെ ഭാഗമാകും.
ജില്ലാ കളക്ടർ ജി. പ്രിയങ്ക ചെയർപേഴ്സണും ജില്ലാ പോലീസ് മേധാവി അജിത്കുമാർ, അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് സുനിൽകുമാർ, എന്നിവർ വൈസ് ചെയർമാൻമാരും ഒളിന്പിക് അസോസിയേഷൻ പ്രസിഡന്റ് കണ്‍വീനറുമായുള്ള സംഘാടകസമിതിയാണ് രൂപീകരിച്ചിട്ടുള്ളത്.
യോഗത്തിൽ സ്പോർട്സ് കൗണ്‍സിൽ വൈസ് പ്രസിഡന്റ് സി. ഹരിദാസ്, ഒളിന്പിക് വേവ് കണ്‍വീനർ മുഹമ്മദ് കാസിം, ഒളിന്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.സി. പ്രീത് പങ്കെടുത്തു.