വീടു തകർന്നുവീണ് വയോധിക മരിച്ച സംഭവം: തെങ്കര പഞ്ചായത്ത് സെക്രട്ടറിയെ യുഡിഎഫ് ഉപരോധിച്ചു
1568180
Wednesday, June 18, 2025 1:15 AM IST
മണ്ണാർക്കാട്: തെങ്കരയിൽ വീടു തകർന്നുവീണ് വയോധിക മരിച്ച സംഭവത്തിൽ ലൈഫ് ഭവന പദ്ധതിയിൽ വീട് നൽകുന്നതിൽ വീഴ്ച വരുത്തിയ തെങ്കര പഞ്ചായത്ത് സെക്രട്ടറിയെ യുഡിഎഫ് ഉപരോധിച്ചു. യുഡിഎഫ് തെങ്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്.
തെങ്കര പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയില്‍ ഒന്നാമതായി ഇടം പിടിച്ച 80 വയസുള്ള ഫാത്തിമബീവി വീട് ഇടിഞ്ഞു വീണ് മരണപ്പെടുന്ന സാഹചര്യമുണ്ടായത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് ആരോപിച്ചായിരുന്നു യുഡിഎഫ് ഉപരോധം. 2019 ല്‍ ലൈഫ് ഭവന പദ്ധതി ലിസ്റ്റില്‍ ഇടം പിടിച്ചവര്‍ക്ക് പോലും ഇതു വരെയായി പണം നല്‍കിയിട്ടില്ല.
പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ വീടെന്ന സ്വപ്നം എല്‍ഡിഎഫ് ഭരണ സമിതി അട്ടിമറിച്ചിരിക്കുകയാണെന്നും യുഡിഎഫ് ആരോപിച്ചു. അടിയന്തരമായി ലൈഫ് ഗുണഭോക്താക്കള്‍ക്ക് ഒന്നാം ഗഡു തുക നല്‍കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. യുഡിഎഫ് ചെയര്മാന് ടി.കെ. ഫൈസല്‍, കണ്‍വീനര്‍ ആറ്റക്കര ഹരിദാസ്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കുരിക്കള്‍ സെയ്ത്, ഗിരീഷ് ഗുപ്ത, അബു കാവുങ്ങല്‍, വട്ടോടി വേണുഗോപാല്‍, കെ.പി. ജഹീഫ്, സി.പി. മുഹമ്മദ്അലി, റഷീദ് കോല്‍പ്പാടം, ടി.കെ. സീനത്ത്, രാജിമോള്‍, അന്‍വര്‍ മണലടി എന്നിവര്‍ നേതൃത്വം നല്കി.